വടക്കാഞ്ചേരി: വേലാഘോഷത്തിനിടെ ആന കൂട്ടാനയെ കുത്തിയതു പരിഭ്രാന്തിക്കിടയാക്കി. കുത്തേറ്റ ആന വിരണ്ടതോടെ നാട്ടുകാർ ചിതറിയോടി. കൂട്ടിയെഴുന്നള്ളിപ്പു വേണ്ടെന്നു വച്ചു.
ആറ്റത്ര കർക്കിടകത്തുകാവ് വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ കുംഭ സംക്രമ വേലയുടെ ഭാഗമായി നടന്ന എഴുന്നള്ളിപ്പിനിടെ ക്ഷേത്ര മതിൽക്കെട്ടിനകത്താണു സംഭവം.
കോട്ടപ്പുറം ദേശത്തിന്റെ ഊട്ടോളി രാമൻ എന്ന ആനയെ ആറ്റത്ര വിഭാഗത്തിന്റെ ആന കുത്തുകയായിരുന്നു. പഞ്ചവാദ്യം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. ഊട്ടോളി രാമൻ ക്ഷേത്ര മതിലിലേക്കു ചാരിയതോടെ മതിൽ ഭാഗികമായി തകർന്നു. ആനയുടെ കാലിനു നിസാരമായി പരിക്കേറ്റു.
സംഭവം നടന്നയുടൻ കൂട്ടിയെഴുന്നള്ളിപ്പ് അവസാനിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ആന ഒഴികെയുള്ള മറ്റാനകളെ കൊണ്ടു പോകുകയും ചെയ്തു. ഊട്ടോളി രാമനെ സമീപത്തെ വീട്ടു മുറ്റത്തേയ്ക്കു മാറ്റി തളച്ചു.