ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ കോളജിൽനിന്ന് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം എടുത്തു മാറ്റാൻ വിദ്യാർഥികൾ വോട്ട് ചെയ്തു. കോളനിവാഴ്ചയുടെ പ്രതീകമാണ് രാജ്ഞിയുടെ ചിത്രമെന്ന് മഗ്ദലീൻ കോളജ് മിഡിൽ കോമൺ റൂം അംഗങ്ങൾ മുദ്രകുത്തി.
അതിഥികളും മറ്റും എത്തുന്ന പൊതുമുറി കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ചില വിദ്യാർഥികൾക്ക് ഈ ചിത്രം കോളനിഭരണകാലത്തെ ഓർമപ്പെടുത്തുന്നു എന്നതിനാലുമാണ് വോട്ടെടുപ്പു വേണ്ടിവന്നതെന്ന് എംസിആർ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
പത്തുപേർ ചിത്രം നീക്കണമെന്നും രണ്ടുപേർ നീക്കരുതെന്നും വോട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തെ ശുദ്ധ അസംബന്ധമെന്നാണ് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ വിശേഷിപ്പിച്ചത്.
കുട്ടികൾ കോളജിനെ പ്രതിനിധീകരിക്കുന്നവരല്ലെന്നും അവരുടെ സ്വതന്ത്ര അഭിപ്രായത്തെയും രാഷ്ട്രീയ വാദത്തെയും അംഗീകരിക്കുന്നുവെന്നുമായിരുന്നു മഗ്ദലീൻ കോളജ് പ്രസിഡന്റ് ബാരിസ്റ്റർ ദിന റോസിന്റെ പ്രതികരണം. 2013ലാണ് രാജ്ഞിയുടെ പഴയകാല ചിത്രം കോളജിലെ കോമൺ റൂമിൽ സ്ഥാപിച്ചത്. 1952ൽ പകർത്തിയ ചിത്രമാണിത്.