തൃശൂർ: ഇല്ലിക്കൽ ബണ്ട് ഉടൻ പുനർനിർമിച്ച് ജലസേചന യോഗ്യമാക്കുമെന്ന് സ്ഥലം സന്ദർശിച്ച കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവർ സംയുക്തമായി അറിയിച്ചു. ഇതിനായി 1.17 കോടി രൂപ ഉപയോഗിക്കും.
ബണ്ട് സന്ദർശിക്കാനെത്തിയപ്പോൾ നാട്ടുകാർ നൽകിയ അപേക്ഷയെത്തുടർന്നാണ് മന്ത്രിമാർ ഇക്കാര്യം അറിയിച്ചത്.
ഗീത ഗോപി എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് 97ലക്ഷവും ബാക്കി തുകയും ചേർത്താണു ബണ്ട് നിർമിക്കുക. പ്രളയകാലത്ത് ബണ്ട് തകർന്നും പുഴ കരകവിഞ്ഞ് 150 മീറ്റർ ഗതിമാറി ഒഴുകിയും ചേർപ്പ്, പാറളം, ചാഴൂർ, താന്ന്യം, അന്തിക്കാട്, മണലൂർ, അരിന്പൂർ പ്രദേശങ്ങളിലും കോർപറേഷന്റെ ചിലയിടങ്ങളിലും വെള്ളം പൊങ്ങി വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു.
മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രത്യേക നിർദേശപ്രകാരം ജില്ലാ ഭരണകൂടം താത്കാലിക ബണ്ട് അടിയന്തരമായി നിർമിച്ചിരുന്നു. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർ ഇന്നലെ സ്ഥലം സന്ദർശിക്കുകയായിരുന്നു. തകർന്ന ബണ്ട് എട്ടുമനയിൽനിന്ന് കെ എൽഡിഎസ് കനാൽ മുതൽ ഇല്ലിക്കൽ റെഗുലേറ്റർ വരെ ഇരുവശവും കരിങ്കൽകെട്ടി പുനർനിർമിക്കും.
റെഗുലേറ്ററിന്റെ മോട്ടോറുകൾ ശരിയാക്കാൻ പത്തു ലക്ഷം രൂപ അടിയന്തരമായി ചെലവഴിക്കും. പുനർ നവീകരണ പ്രവർത്തനങ്ങളുടെ ടെണ്ടർ ഉടൻ വിളിക്കും. റെഗുലേറ്ററിലെ സ്പിൽവേയിൽനിന്ന് ചെളി മാറ്റുന്ന പ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ഗീതഗോപി എംഎൽഎ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സരളാദേവി, ജില്ലാ പഞ്ചായത്തംഗം പി.കെ. ലോഹിതാക്ഷൻ, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ്, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മന്ത്രിമാർ തകർന്ന വീടുകളും സ്ഥലങ്ങളും സന്ദർശിച്ചു.