സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ പുഴയുടെ തകർന്ന ഇല്ലിക്കൽ ബണ്ടിന്റെ പുനർനിർമാണം ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാക്കും. ആറാട്ടുപുഴ മന്ദാരംകടവിനടുത്തു പൊട്ടിയ ബണ്ട് താത്കാലികമായി പുനർനിർമിച്ചു. ഇരു ബണ്ടുകളും പൊട്ടിയുണ്ടായ പ്രളയം നിയന്ത്രിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണു താത്കാലിക ബദൽ ബണ്ടു നിർമിക്കുന്നത്.
കുട്ടനാട്ടുനിന്നുള്ള വിദഗ്ധരാണ് ഒഴുകുന്ന വെള്ളത്തിൽ ബണ്ടുകെട്ടുന്ന പണി സാഹസികമായി പൂർത്തിയാക്കുന്നത്. വലിയ തെങ്ങുകൾ നിരത്തി മുളക്കുറ്റികൾ അടിച്ചു താഴ്ത്തി കവുങ്ങുകൊണ്ട് വാരി കെട്ടിയാണു ബണ്ടു കെട്ടലിന്റെ പ്രാഥമിക പണി. ഇങ്ങനെ കെട്ടിയൊരുക്കിയ തടയിലേക്ക് കരിങ്കല്ലുകളും മണൽചാക്കുകളും നിറച്ചാണ് ബണ്ടുകൾ നിർമിക്കുന്നത്.
പണിയുടെ പുരോഗതി വിലയിരുത്താൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ഉന്നത ഉദ്യോഗസ്ഥരും ഇന്നു രാവിലെ ആറുമണിയോടെ സ്ഥലത്ത് എത്തിയിരുന്നു. എക്സൈസ സേനാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നൂറ്റന്പതോളം പേരടങ്ങുന്ന സംഘമാണു പണി നടത്തുന്നത്. മുതിർന്ന എൻജിനിയിർമാർ മേൽനോട്ടം വഹിക്കുന്നുണ്ട്.
പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ അടച്ച് ഇരു പുഴകളിലേയും നീരൊഴുക്കു നിയന്ത്രിച്ചാണ് പണി നടത്തുന്നത്. ആറാട്ടുപുഴ ബണ്ടിന്റെ പണികൾ തിങ്കളാഴ്ച രാത്രിയോടെ പൂർത്തിയാക്കി. കരുവന്നൂർ പുഴയുടെ തകർന്നുപോയ ഇല്ലിക്കൽ ബണ്ടു പുനസ്ഥാപിച്ച് വെള്ളത്തിന്റെ കുത്തൊഴുക്കുകൂടി നിയന്ത്രിച്ചാലേ തൃശൂർ നഗരത്തിലടക്കം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള പ്രളയജലം ഒഴിഞ്ഞുപോകൂ.
തിങ്കളാഴ്ചയും ഇന്നലെയും രാത്രി ജനറേറ്റർ ഉപയോഗിച്ചു വൈദ്യുതി വിളക്കുകളുടെ വെളിച്ചത്തിലാണു കരുവന്നൂർ പുഴയിലെ ഇല്ലിക്കലിൽ ബണ്ടു പണികൾ നടത്തിയത്. ഇരു പുഴകളിലേയും ബണ്ടുകൾ പൊട്ടിയതുമൂലം വരാക്കര, അരണാട്ടുകര, ചേർപ്പ്, താന്ന്യം, ചാഴൂർ, അരണാട്ടുകര, ലാലൂർ, പുല്ലഴി, മനക്കൊടി, ചേറ്റുപുഴ, പുല്ലഴി, ഏനാമ്മാവ്, മുല്ലശേരി തുടങ്ങിയ മേഖലകളിലെല്ലാം വെള്ളം കയറി. ഇപ്പോൾ ജലനിരപ്പു കുറഞ്ഞിട്ടുണ്ട്.