കോട്ടയം: ഇല്ലിക്കൽ കല്ലിലെ കട്ടിക്കയം വെള്ളച്ചാട്ടത്തിൽ അപകടം പതിയിരിക്കുന്നു. ദിവസവും നിരവധിയാളുകളാണു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി എത്തുന്നത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണു ഇവിടെ പ്രധാന പ്രശ്നം. അടുത്ത കാലത്ത് ശ്രദ്ധയാകർഷിച്ച സഞ്ചാര കേന്ദ്രമാണ് മീനച്ചിൽ താലൂക്കിലെ ഏറ്റവും ഉയർന്ന കേന്ദ്രമായ ഇല്ലിക്കൽ കല്ല്. ഇല്ലിക്കൽ കല്ലിന്റെ അടിവാര ഭാഗമായ പഴുക്കാക്കാനത്തിനു സമീപമാണ് കട്ടിക്കയം വെള്ളച്ചാട്ടം.
ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും കട്ടിക്കയം വെള്ളച്ചാട്ടവും സന്ദർശിച്ചിട്ടാണു മടങ്ങുന്നത്. ഇല്ലിക്കൽ കല്ലിന്റെ മുകളിൽനിന്നും ഉത്ഭവിക്കുന്ന ഈ അരുവി കട്ടിക്കയത്ത് വച്ചു പലതട്ടുകളായി പാറക്കൂട്ടത്തിൽനിന്നും താഴേക്കു പതിക്കുകയാണ്. ഇങ്ങനെ പതിക്കുന്ന വെള്ളം മീനച്ചിലാറിന്റെ കൈവഴിയായ കുടപുഴയാറിലേക്കാണ് പോകുന്നത്. ഓരോ തട്ടിലും ചെറിയ കയങ്ങളുണ്ട്. ഈ കയങ്ങളിലാണ് ആളുകൾ കുളിക്കാനിറങ്ങുന്നത്.
വഴുവഴുക്കലുള്ള പാറക്കെട്ടുകളിൽ തെന്നിയാണു അപകടമുണ്ടാകുന്നത്. ഓരോ കയത്തിലും നാലാൾ വെള്ളം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ദൂരസ്ഥലങ്ങളിൽനിന്നും വരുന്നവർക്ക് സ്ഥലത്തെക്കുറിച്ചോ കയത്തിന്റെ ആഴത്തെക്കുറിച്ചോ കൃത്യമായ വിവരമില്ലാത്തതാണ് അപകടസാധ്യത വർധിപ്പിക്കുന്നത്.
ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും ആളുകളുടെ എണ്ണം പതിൻമടങ്ങ് വർധിക്കാറുണ്ട്. ഇത്രയധികം ആളുകൾ വന്നെത്തുന്ന ഇവിടെ ഒരു അപായ ബോർഡുപോലും സ്ഥാപിച്ചിട്ടില്ല. വേനൽക്കാലത്തുപോലും വെള്ളമുള്ള ഇവിടെ പാറക്കെട്ടുകളിൽ എപ്പോഴും തെന്നലുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് ആളുകൾ കുളിക്കാനായി ഇവിടെ കൂട്ടൂകാർക്കൊപ്പം ഇറങ്ങുന്നത്.
അപായ ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കുന്നതിനൊപ്പം വെള്ളച്ചാട്ടത്തിനുസമീപം കൈവരികൾ സ്ഥാപിക്കണമെന്നും സ്റ്റെപ്പുകൾ നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതേപോലെ സഞ്ചാരികൾക്ക് നിയന്ത്രണം നൽകുന്നതിനായി ഒരു സെക്യൂരിറ്റിയെ നിയമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അഞ്ചു മാസം മുന്പാണ് പള്ളിക്കത്തോട് സ്വദേശിയായ വിദ്യാർഥി ഇവിടെ മുങ്ങിമരിച്ചത്. അന്നും സുരക്ഷ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമായെങ്കിലും അധികൃതർ ചെവിക്കൊള്ളാത്തതാണ് ഇന്നലെ രണ്ടു പേരുടെ ജീവൻ പൊലിയാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.