വടക്കഞ്ചേരി: മകരക്കൊയ്ത്ത് കഴിഞ്ഞ പാടത്ത് പരീക്ഷണമെന്നോണം കൃഷിയിറക്കിയ എള്ള് കൃഷിയിൽ തെന്നിലാപുരത്തെ ബാലകൃഷ്ണന് നൂറ് മേനി വിളവ്.അരയേക്കറിൽ നിന്ന് വിളവെടുത്തത് 50 കിലോയോളം എള്ള്. 90 ദിവസം മുതൽ 100 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിഞ്ഞതായി ബാലകൃഷ്ണൻ പറഞ്ഞു.
കായ്കൾ, ഇലകൾ എന്നിവ മഞ്ഞനിറമായി മാറുന്പോൾ എള്ള് മൂത്ത് പാകമായതായി കണക്കാക്കാം.ചെടിയുടെ വേരുഭാഗം മുറിച്ച് കറ്റചുരുട്ടുകളാക്കി മൂന്ന് നാല് ദിവസം സൂക്ഷിച്ചു.
ഇലകൾ പൊഴിഞ്ഞു തുടങ്ങുന്പോൾ വടികൊണ്ട് അടിച്ച് എള്ള് വിത്ത് വേർപെടുത്തിയെടുത്തു. വിത്ത് ഒരാഴ്ചയോളം വെയിലത്ത് ഉണക്കിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. നാടാൻ എളളിനായി ആവശ്യക്കാരും ഏറെയാണെന്ന് ബാലകൃഷ്ണൻ പറഞ്ഞു.
ഒരുകിലോ വിത്താണ് ഉഴുതുമറിച്ച് വിതച്ചത്. കറുത്ത ഇനം വിത്താണ് കൃഷിയിറക്കിയത്. വേനൽ കടുത്തതായിരുന്നെങ്കിലും ഇടവിട്ട് കിട്ടിയ മഴ എളള് കൃഷിക്ക് ഏറെ ഗുണം ചെയ്തു. സമയാസമയങ്ങളിൽ മഴ കിട്ടിയതോടെ എള്ള് ചെടി നന്നായി തഴച്ചുവളർന്നു.
ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിലാണ് എളള് ചെടികൾ വളർന്നത്. കന്നുകാലികൾ തിന്നാത്തതിനാൽ വേലികെട്ടി സംരക്ഷിക്കേണ്ട ചെലവുമുണ്ടായില്ല. വളപ്രയോഗവും നടത്തിയിട്ടില്ല.
ഒരേക്കറിൽ നിന്ന് 100 മുതൽ 200 വരെ കിലോ വിളവുണ്ടാകുമെന്നാണ് കൃഷിവിദഗ്ദരുടെ അഭിപ്രായം. എള്ളിന് ഒൗഷധഗുണം കൂടുതലാണ്. എളളിന് പൊതുവിപണിയിൽ കിലോയ്ക്ക് 180 രൂപാ മുതൽ 200 രൂപ വിലയുണ്ട്.