കേരളത്തിലെ ഒരു പ്രധാന എണ്ണവിളയായ എള്ള്, ആലപ്പുഴ, കൊല്ലം ജില്ലകളിലായി കിടക്കുന്ന ഓണാട്ടുകര പ്രദേശങ്ങളിലും പാലക്കാട്, മലപ്പുറം ജില്ലകളിലെ മണൽപ്പാടങ്ങളിലും കര പ്രദേശങ്ങളിലുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സെസാമം ഇൻഡിക്കം എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
ഏകദേശം 208 ഹെക്ടർ സ്ഥലത്തു നിന്നു 129.4 ടണ്‍ ആണ് ഉത്പാദനം. കഴിഞ്ഞ 25 വർഷത്തെ കണക്കെടുത്താൽ കൃഷി സ്ഥലത്തിന്റെ വിസ്തൃതി കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാണാമെങ്കിലും ഉത്പാദനം ക്രമാനുഗതമായി വർധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. കാലാവസ്ഥാ വ്യതിയാനമാണ് എള്ള് കൃഷിയുടെ വിസ്തൃതി കുറയാനുള്ള പ്രധാന കാരണം.
നീണ്ടു നിൽക്കുന്ന വർഷകാലവും കാലംതെറ്റിയുള്ള വേനൽ മഴയും അധികരിച്ച ഉണക്കും എള്ള് കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇതിനൊപ്പം ആവശ്യാനുസരണമുള്ള വളപ്രയോഗത്തിന്റെ അഭാവം, രോഗകീട ബാധ, ഗുണമേ·യുള്ള വിത്തിന്റെ ലഭ്യതക്കുറവ്, കർഷകത്തൊഴിലാളികളുടെ വൈദഗ്ധ്യക്കുറവ് എന്നിവയും എള്ള് കൃഷിയുടെ വ്യാപനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
പോഷക സമൃദ്ധമാണ് എള്ള്. എള്ളിൽ 48 % എണ്ണ, 20 % മാംസ്യം, 14 % പഞ്ചസാര, 6 % നാര്, 5 % ധാതുക്കൾ, 6 % ജലാംശം എന്നിവ അടങ്ങിയിരിക്കുന്നു. ജീവകം ബി, ജീവകം കെ, ഇരുന്പ്, മഗ്നീഷ്യം, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും നല്ല അളവിലുണ്ട്. 100 ഗ്രാം എള്ള് 573 കലോറി ഉൗർജം നൽകും. എണ്ണയെടുത്ത പിണ്ണാക്കിൽ പോലും 30 മുതൽ 50 ശതമാനം വരെ മാംസ്യം ഉണ്ട്. അതുകൊണ്ടുതന്നെ എള്ളിൻ പിണ്ണാക്ക് ഒരു മികച്ച കാലിത്തീറ്റയായും കോഴിത്തീറ്റയായും ഉപയോഗിക്കുന്നു.
എള്ളിന് ഒൗഷധ ഗുണങ്ങളുമേറെയാണ്. കൊഴുപ്പിനെ ഇല്ലാതാക്കുന്ന സെസാമിൻ, സെസാമോൾ എന്നിവ യുടെ സാന്നിധ്യം സന്ധിവേദനയ് ക്കും മുട്ടിലുണ്ടാകുന്ന വാതസംബന്ധമായ വേദനയ്ക്കും ശമനം നൽകും. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ കാൻസറിനെ നിയന്ത്രിക്കുകയും ചെയ്യും.
ഏള്ളിലുള്ള വിറ്റാമിൻ ബി 6, കോപ്പർ എന്നിവ രക്തത്തിലെ ഹീമോഗ്ലോബിൻ ഉത്പാദനത്തെ ത്വരിതപ്പെടുത്തും. വിറ്റാമിൻ ഇയുടെ സാന്നിധ്യം ഹൃദ്രോഗ ബാധയെ ചെറുക്കും. നാരുകൾ ദഹനത്തെ സഹായിക്കും. മറ്റ് ഭക്ഷ്യ എണ്ണകളെക്കാൾ ഗുണവും സ്ഥിരതയും ഉള്ളതിനാൽ എള്ളെണ്ണയ്ക്ക് നല്ലെണ്ണ എന്ന പേരും കിട്ടി.
കൃഷി രീതികൾ
വെള്ളം കെട്ടിനിൽക്കാത്തതും നീർവാർച്ചയുള്ളതുമായ മണ്ണാണ് എള്ള് കൃഷിക്ക് അനുയോജ്യം. ഡിസംബർ മുതൽ ഏപ്രിൽ വരെ മൂന്നാം വിളയായി നെൽപ്പാടങ്ങളിലാണ് സാധാരണ എള്ള് കൃഷി ചെയ്യുന്നത്. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ കരപ്രദേശങ്ങളിലും എള്ള് കൃഷി ചെയ്യാം.
നിലം നന്നായി ഉഴുതു കട്ടകൾ ഉടച്ചു പരുവപ്പെടുത്തി, അടിവളമായി ഏക്കറൊന്നിന് 2000 കിലോ കാലിവളം/കന്പോസ്റ്റ് ചേർത്തു കൊടുക്കുന്നതാണ് ആദ്യപടി. ഓണാട്ടുകര പ്രദേശങ്ങളിൽ മൂന്നാം വിളയായി കൃഷി ചെയ്യുന്പോൾ നെൽപ്പാടങ്ങളിൽ ലഭ്യമായ ഈർപ്പവും വളവും പ്രയോജനപ്പെടുത്തുന്നതിനാൽ പ്രത്യേകം അടിവളങ്ങൾ ചേർക്കാറില്ല.
ഇനങ്ങൾ
കായംകുളം – 1, തിലോത്തമ, സോമ, സൂര്യ, തിലക്, തിലതാര, തിലറാണി എന്നിവയാണ് കേരള കാർഷിക സർവകലാശാല പുറത്തിറക്കിയിട്ടുള്ള വിത്തിനങ്ങൾ. ഓണാട്ടുകരയിലെ നെൽപ്പാടങ്ങളിൽ മൂന്നാംവിളക്ക് യോജിച്ച ഇനമാണ് തിലറാണി. തമിഴ്നാട് കാർഷിക സർവകലാശാലയുടെ കീഴിൽ ഡിണ്ടിഗലിൽ പ്രവർത്തിക്കുന്ന എണ്ണക്കുരു ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ഠങഢ7 എന്ന ഇനവും കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്. ഇവയെല്ലാം തന്നെ 75-80 ദിവസം കാലയളവുള്ളതും ശരാശരി 50 ശതമാനത്തിനു മുകളിൽ എണ്ണ ലഭിക്കുന്നതുമായ ഇനങ്ങളാണ്.
വിത്തും വിതയും
ഒരേക്കർ സ്ഥലത്ത് 2 കിലോ വിത്തു വേണം. ചെറിയ വിത്തായതിനാൽ മണൽ/മണ്ണ് ചേർത്താണ് വിതയ്ക്കേണ്ടത്.
വിള പരിപാലനം
കൊയ്ത്ത് കഴിഞ്ഞ നെൽവയലുകളിലെ വളവും ഈർപ്പവും ഉപയോഗപ്പെടുത്തിയാണ് എള്ള് കൃഷി ചെയ്യുന്നത്. എന്നാൽ വളപ്രയോഗത്തിനോടു നന്നായി പ്രതികരിക്കുന്ന വിളയാണ് എള്ള്. അതുകൊണ്ടുതന്നെ മണ്ണ് പരിശോധനാടിസ്ഥാനത്തിലുള്ള ശാസ്ത്രീയവളപ്രയോഗം വിളവ് വർധിപ്പിക്കുന്നതിന് സഹായിക്കും.
അടിവളമായി ഏക്കറിന് 2 ടണ്‍ ചാണകം നൽകുന്നത് കൂടാതെ 26 കിലോ യൂറിയ 30 കിലോ രാജ്ഫോസ്, 20 കിലോ പൊട്ടാഷ് എന്നിവയും ചേർത്ത് കൊടുക്കണം. മണ്ണിൽ ഈർപ്പമുണ്ടെങ്കിൽ 75 ശതമാനം പാക്യജനകവും മുഴുവൻ ഭാവകവും ക്ഷാരവും ചേർക്കാവുന്നതാണ്. ബാക്കി പാക്യജനകം 3 ശതമാനം വീര്യത്തിൽ വിതച്ച് 25 ദിവസമാകുന്പോൾ ഇലകളിൽ തളിച്ചു കൊടുക്കണം.
വിതച്ച് 15-ാം ദിവസം ആദ്യ ഇടയിളക്കലും 25-35 ദിവസത്തിനകം രണ്ടാമത്തെ ഇടയിളക്കലും നടത്തണം. രണ്ടാമത്തെ ഇടയിളക്കലിനോടൊപ്പം ചെടികളുടെ ഇടയകലം 15 മുതൽ 25 സെ. മീ വരെയാക്കി നിലനിർത്തി അധികമുള്ള ചെടികൾ പിഴുത് മാറ്റുകയും വേണം.
നാല് പ്രധാന വളർച്ചാഘട്ടങ്ങളിൽ, അതായത് 4 മുതൽ 6 ഇല പ്രായത്തിലും ശിഖരങ്ങൾ ഉണ്ടാകുന്പോഴും, പൂവിട്ട് തുടങ്ങുന്പോഴും, കായ്കൾ ഉണ്ടായിത്തുടങ്ങുന്പോഴും നനച്ചു കൊടുക്കണം. സ്പ്രിംഗ്ലറുകൾ ഉപയോഗിച്ചു വൈകുന്നേരങ്ങളിൽ രണ്ടു മൂന്നു ദിവസത്തിലൊരിക്കൽ ജലസേചനം നടത്തുന്നത് 30-35 ശതമാനം വിളവ് വർധിപ്പിക്കാൻ ഗുണകരമാണെന്ന് കണ്ടിട്ടുണ്ട്.
സസ്യസംരക്ഷണം
എള്ളിൽ കീടരോഗ ബാധകൾ താതതമ്യേന കുറവാണെങ്കിലും ബാധിക്കാവുന്ന രോഗങ്ങളും കീടങ്ങളും ചുവടെ.
കായതുരപ്പൻ പുഴു
ഓറഞ്ച് കലർന്ന തവിട്ട് നിറത്തിൽ ചിറകുകളുള്ള ഒരു ചെറുശലഭത്തിന്റെ പുഴുവാണിത്. പെണ്‍ശലഭം ഇലകളിൽ മുട്ടയിട്ട് വിരിയുന്ന പുഴുക്കൾ ഇലകൾ ചുരുട്ടി പൂക്കളും കായ്കളും തുരന്നു തിന്നുന്നു. ഇവയെ പ്രതിരോധിക്കാൻ വേപ്പധിഷ്ഠിത കീടനാശിനി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വിതച്ച് ഏഴാം ദിവസവും 20-ാം ദിവസവും തളിച്ചു കൊടുക്കുക. പുഴുക്കേട് ബാധിച്ച ഭാഗങ്ങൾ മുറിച്ചു നീക്കി നശിപ്പിക്കുക. രൂക്ഷമായ കീടശല്യം ഉണ്ടെങ്കിൽ മാലത്തിയോണ്‍ എന്ന കീടനാശിനി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കാവുന്നതാണ്.
ഗാളീച്ച
കൊതുകിനോളം മാത്രം വലിപ്പമുള്ള ഗാളീച്ചകൾ പൂക്കളിലും കായ്കളിലും മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ പൂക്കളും മുകുളങ്ങളും തുരക്കുന്നു. ഈ ഭാഗങ്ങളിൽ മുഴകൾ ഉണ്ടാക്കുന്നു. ഇവയെ നിയന്ത്രിക്കാൻ കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്തശേഷം മാലത്തിയോണ്‍ കീടനാശിനി 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.
ഇലപ്പുള്ളി രോഗം
ഇലകളുടെ ഇരുവശത്തും നനഞ്ഞ പാടുകൾ പോലെ ഇത് പ്രത്യക്ഷപ്പെടുന്നു. ഈ പാടുകൾ ഇളം തവിട്ട് നിറത്തിൽ ക്രമേണ വലുതാവുകയും ഇലകരിച്ചിൽ ഉണ്ടാകുകയും ചെയ്യും. ഇലകൾ കൊഴിഞ്ഞ് പോകാനും ഇത് കാരണമാകുന്നു. ചിലപ്പോൾ തണ്ടിലും രോഗബാധ കാണാറുണ്ട്.
രോഗമുക്തമായ ചെടികളിൽ നിന്നും വിത്ത് ശേഖരിക്കുക, മുൻ കരുതലായി സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക, മാങ്കൊസെബ് എന്ന കുമിൾ നാശിനി 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലയുടെ ഇരുവശത്തും തളിക്കുക എന്നിവയാണ് നിയന്ത്രണ മാർഗങ്ങൾ.
ഫില്ലോഡി
മൈക്കോപ്ലാസ്മ എന്ന രോഗാണു പരത്തുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം ചെടിയുടെ അഗ്രഭാഗവും പുഷ്പഭാഗങ്ങളും ഇലപോലെ രൂപാന്തരപ്പെടുന്നു എന്നതാണ്. ഇതിനു നിയന്ത്രണമാർഗങ്ങളില്ലാത്തതിനാൽ രോഗം വന്ന ചെടികൾ ചുവടോടെ പിഴുത് നശിപ്പിക്കണം.
വിളവെടുപ്പ്
ഇലകൾ മഞ്ഞ നിറമായി കൊഴിഞ്ഞു തുടങ്ങുന്നതും താഴെയുള്ള കായ്കൾ മഞ്ഞ നിറമായി പൊട്ടിത്തുടങ്ങുന്നതുമാണ് വിളവെടുപ്പിനു പാകമായതിന്റെ ലക്ഷണങ്ങൾ. ചെടികൾ പിഴുത് ചുവട്ഭാഗം മുറിച്ചു മാറ്റിയ ശേഷം ചെറിയ കെട്ടുകളാക്കി 3-4 ദിവസം വെയിലത്ത് ഉണക്കണം. ആദ്യദിവസം കിട്ടുന്ന എള്ള് വിത്തിനായി എടുക്കാം. വത്ത് ശേഖരിക്കാൻ മണ്‍കലങ്ങളും പോളിത്തീൻ കവറുകളും പ്ലാസ്റ്റിക്ക് ചാക്കുകളും ഉപയോഗിക്കാം.
കൃഷി വിജ്ഞാന കേന്ദ്രം സജീവം
ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം എള്ള് കൃഷിയിലെ ശാസ്ത്രീയ വിളപരിപാലന മുറകളിലൂടെ വിളവ് വർധിപ്പിക്കാൻ നിരവധി സാങ്കേതിക വിദ്യാ പ്രദർശന പദ്ധതികൾ സംഘടിപ്പിക്കുന്നുണ്ട്. മൂന്ന് വർഷങ്ങളിലായി ക്ലസ്റ്റർ പ്രദർശന കൃഷി പരിപാടി നടപ്പിലാക്കുന്നുണ്ട്.
ഭരണിക്കാവ്, ചെട്ടികുളങ്ങര, ചെന്നിത്തല, പള്ളിപ്പാട്, ചെറുതന പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. അത്യുത്പാദന ശേഷിയുള്ള എള്ളിനങ്ങളായ തിലക്, തിലറാണി, TMV7 എന്നിവ, മണ്ണ് പരിശോധനാടിസ്ഥാനത്തിലുള്ള കുമ്മായ-വളപ്രയോഗങ്ങൾ, ദ്വിതീയ സൂക്ഷ്മ പോഷകങ്ങളായ മഗ്നീഷ്യം, സർഫർ, ബോറോണ്‍ എന്നിവയുടെ പ്രയോഗം,
അവശ്യഘട്ടങ്ങളിലെ ജലസേചനം, ചെടികളുടെ എണ്ണം ക്രമീകരിക്കൽ തുടങ്ങിയ ശാസ്ത്രീയ വിളപരിപാലന മുറകൾ അനുവർത്തിച്ചു കൃഷിചെയ്യുന്പോൾ ഏക്കറിൽ നിന്നും ശരാശരി 165 കിലോഗ്രാം വിളവും 16320 രൂപ അറ്റാദായവും ലഭിച്ചു.
ഫോണ്‍: 9447790268
എം. എസ് രാജീവ് /പി. മുരളീധരൻ , കെ.വി.കെ ആലപ്പുഴ,
കായംകുളം, കൃഷ്ണപുരം