പത്തനംതിട്ട: ഇരട്ട നരബലിക്കേസിൽ പ്രതികളുമൊത്ത് ഇന്നലെയും മണിക്കൂറുകൾ നീണ്ടുനിന്ന തെളിവെടുപ്പുകൾ.
അന്വേഷണം കുറ്റമറ്റതാക്കാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ഇന്നലെ ഉച്ചയോടെ ഭഗവൽസിംഗിനെയും മുഹമ്മദ് ഷാഫിയെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചത്.
റോസ് ലിയുടെയും പത്മയുടെയും കൊലപാതകവിവരം പുറത്തറിഞ്ഞതിനു പിന്നാലെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളുമായി കഴിഞ്ഞ 11നാണ് ആദ്യം ഇലന്തൂരിലെ വീട്ടുവളപ്പിൽ തെളിവെടുത്തത്.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത് അന്നാണ്. പിന്നാലെ 15നും മൂന്നു പ്രതികളെയും എത്തിച്ചു തെളിവെടുത്തു.
19നു ഭഗവൽസിംഗിനെയും ലൈലയുമെത്തിച്ച് അന്വേഷണം നടത്തി. ഇലന്തൂരിനൊപ്പം അന്നു പത്തനംതിട്ടയിലും പ്രതികളെ എത്തിച്ചിരുന്നു.
ഇലന്തൂരിലെ വീടും പരിസരങ്ങളും ഇപ്പോഴും പോലീസ് കാവലിലാണ്. പ്രതികളെ എത്തിച്ചതറിഞ്ഞ് ഇന്നലെയും നിരവധിയാളുകൾ പ്രദേശത്തു തടിച്ചുകൂടിയിരുന്നു.
സെപ്റ്റിക് ടാങ്കും പരിശോധിച്ചു
മൂന്നാമതൊരു കൊലപാതകം കൂടി നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇലന്തൂരിലെ വീട്ടുവളപ്പിൽ സെപ്റ്റിക് ടാങ്കിന്റെ സ്ലാബു മാറ്റിയും ഇന്നലെ പരിശോധന നടത്തി.
പോലീസ് നായയുമായി അന്വേഷണത്തിനെത്തിയപ്പോൾ ടാങ്കിനു സമീപം നിന്നിരുന്നു. ഈ ഭാഗത്തു മണ്ണ് നീക്കിയ ശേഷമാണ് ടാങ്കിനുള്ളിലും പരിശോധിച്ചത്.
നേരത്തെ ലൈലയിൽനിന്നു ലഭിച്ച ഒരു മൊഴിയാണ് മൂന്നാമതൊരു കൊലപാതകം കൂടിയുണ്ടെന്ന സംശയം അന്വേഷണസംഘത്തിനുണ്ടാക്കിയത്.
മുഹമ്മദ് ഷാഫി നേരത്തെയും ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നു ലൈലയോടു പറഞ്ഞിരുന്നുവെന്ന മൊഴിയാണ് പരിശോധിച്ചതെന്നു പറയുന്നു. എന്നാൽ, ഷാഫി ഇതു നിഷേധിച്ചിരുന്നിരുന്നതായും പറയുന്നു.
വീണ്ടും ഡമ്മി
പരീക്ഷണം
റോസ്ലിയുടെയും പത്മയുടെയും കൊലപാതക ദൃശ്യങ്ങൾ ഇത്തവണ ഭഗവൽസിംഗാണ് കാട്ടിക്കൊടുത്തത്. ഫോറൻസിക് വിദഗ്ധരുടെയും പോസ്റ്റുമോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെയും സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം. അന്വേഷണ സംഘത്തിലെ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശശീന്ദ്രനും മറ്റ് ഉദ്യോഗസ്ഥരും സാക്ഷികളായി. നേരത്തെ നടന്ന ഡമ്മി പരീക്ഷണത്തിൽ മൂന്നു പ്രതികളിൽനിന്നും കൊലപാതക ദൃശ്യങ്ങൾ കാട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ചില വൈരുധ്യങ്ങളും അവയവങ്ങളുടെ മുറിവുകളും മറ്റും സംശയങ്ങൾക്കിട നൽകിയിരുന്നു. ഇതിലെ സ്ഥിരീകരണത്തിനായാണ് മുഹമ്മദ് ഷാഫിയുടെ സാന്നിധ്യത്തിൽ ഭഗവൽസിംഗിനെക്കൊണ്ട് വിശദീകരിപ്പിച്ചതെന്നു പറയുന്നു.
ബാങ്കിലും
തെളിവെടുപ്പ്
റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കാലടി പോലീസ് സ്റ്റേഷനിലുള്ള കേസിലും തെളിവെടുപ്പ് ഇന്നലെ നടന്നു. റോസ്ലിന്റെ മൃതദേഹാവശിഷ്ടങ്ങൾ മറവു ചെയ്തിരുന്ന കുഴിയുടെ സമീപത്ത് അന്വേഷണ സംഘം ശാസ്ത്രീയ തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കയർ കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ ഇവിടെനിന്നാണ് കണ്ടെത്തിയത്. നേരത്തെ മൃതദേഹാവശിഷ്ടങ്ങൾക്കൊപ്പം കണ്ടെത്തിയ ബാഗ് അടക്കമുള്ളവ ഇവരുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സ്വർണാഭരണങ്ങൾ ഭഗവൽസിംഗ് പണയംവച്ച ഇലന്തൂർ ഇടപ്പരിയാരം സഹകരണ ബാങ്കിലും തെളിവെടുപ്പ് നടന്നു.
പ്രതികളുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതോടെ തിരികെ കോടതിയിൽ ഹാജരാക്കിയ ശേഷം റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾക്കായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം.