കോലഞ്ചേരി : ഇനി സ്കൂളിലേക്കു പോകുന്പോൾ കുഞ്ഞേച്ചി കൂട്ടിനില്ലെന്ന സങ്കടത്തിൽ കരഞ്ഞുകൊണ്ടിരിക്കുന്ന എൽദോസിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.
ബുധനാഴ്ച വൈകുന്നേരം വിനോദയാത്രയ്ക്കായി വീട്ടിൽ നിന്നിറങ്ങുന്പോൾ പുഞ്ചിരിയോടെ റ്റാറ്റ പറഞ്ഞ കുഞ്ഞേച്ചി, ഇനിയില്ലെന്നു വിശ്വസിക്കാൻ എൽദോസിന് ആയിട്ടില്ല.
വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച വെട്ടിക്കൽ സ്കൂളിലെ വിദ്യാർഥികളിൽ ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ ജോസ് – ഷൈനു ദമ്പതികളുടെ രണ്ടാമത്തെ മകൾ എൽന ജോസുമുണ്ട്.
എൽന പഠിച്ച സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് എൽദോസ്. എന്നും ഒരുമിച്ചായിരുന്നു ഇവരുടെ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര.
പത്താം ക്ലാസുകാരിയായ എൽന പിതാവിന്റെ വാഹനത്തിലാണ് വിനോദയാത്രയ്ക്കായി സ്കൂളിലേക്ക് എത്തിയത്.
കുടുംബാംഗങ്ങളോടു യാത്രപറഞ്ഞ് സന്തോഷത്തോടെ ബുധനാഴ്ച വൈകുന്നേരം 6.50നാണു യാത്ര തുടങ്ങിയത്.
ഊട്ടിക്ക് തിരിച്ച ബസിലെ കളിചിരികൾ പങ്കുവച്ച്, എൽന രാത്രി 11 വരെയും കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇനി രാവിലെ വിളിക്കാം എന്നു പറഞ്ഞാണ് സംഭാഷണം അവസാനിച്ചത്.
തുടർന്ന് ടൂറിന്റെ ചിത്രം വാട്ട്സാപ്പ് സ്റ്റാറ്റസായും എൽന ചേർത്തു. അർധരാത്രി കഴിഞ്ഞു ബന്ധുക്കളിൽ ചിലരാണ് എൽന അപകടത്തിൽപ്പെട്ട വിവരം ആദ്യം അറിയിച്ചത്.
എൽനയുടെ ആകസ്മിക വേർപാടിന്റെ നടുക്കത്തിലാണു ചെമ്മനാട് ഗ്രാമവും. സ്കൂളിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് എത്തിച്ചപ്പോൾ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
സംസ്കാരം കണ്യാട്ട്നിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിനു നടക്കും. സഹോദരി ഏയ്ഞ്ചല കൊച്ചിൻ റിഫൈനറിയിൽ അപ്രന്റീസാണ്. പിതാവ് ജോസ് ജോസഫ് ബിസിനസുകാരനാണ്.