ലോക കോടീശ്വരന് ഇലോണ്‍ മസ്കിന്റെ വാക്കുകള്‍ എപ്പോഴും ലോകം സസൂക്ഷ്മം വീക്ഷിക്കാറുണ്ട്.
കാരണം മറ്റുള്ളവര്‍ അസാധ്യമെന്ന് കരുതിയിരുന്ന പലതും നടത്തി ശീലമുള്ളയാളാണ് മസ്ക് എന്നതു തന്നെ കാരണം.
മസ്കിന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ന്യൂറലിങ്കാണ് പുതിയ ചര്‍ച്ചാവിഷയം. 2018 മുതല്‍ കൃത്യമായ ഇടവേളകളില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട് ഈ കമ്പനി.
എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ന്യൂറാലിങ്കിനെക്കുറിച്ച് അധികം വാര്‍ത്തകള്‍ ഒന്നും പുറത്തു കേള്‍ക്കാനില്ലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ മസ്ക് അടുത്ത വെടിപൊട്ടിച്ചിരിക്കുകയാണ്. കംപ്യൂട്ടറിനും തലച്ചോറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂറോപ്രോസ്തെറ്റിക് ഉപകരണം കണ്ടെത്തിയെന്നാണ് മസ്കിന്റെ അവകാശവാദം .
പ്രായമായവരിലും മറ്റും കണ്ടുവരുന്ന ടിനിറ്റസ് എന്ന രോഗം ഭേദമാക്കാന്‍ ഈ ചിപ്പ് സഹായിക്കുമെന്നാണ് മസ്കിന്റെ കണ്ടെത്തല്‍. തുടര്‍ച്ചയായി ചെവിയില്‍ മൂളല്‍ കേള്‍ക്കുന്ന രോഗാവസ്ഥയാണിത്.
ഭാവിയില്‍ മസ്കിന്റെ ന്യൂറോ പരീക്ഷണങ്ങള്‍ സങ്കീര്‍ണ്ണമായ രോഗങ്ങളെ ഭേദമാക്കുന്ന രീതിയിലേക്ക് വളരും എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പ്രതികരിക്കുന്നത്.
ഇനി എന്താണ് ന്യൂറാലിങ്ക് എന്നു നോക്കാം ഒരു ബ്രെയിന്‍ ഇംപ്ലാന്റാണിത്. അത് നമ്മുടെ മസ്തിഷ്കം ഉത്പാദിപ്പിക്കുന്ന വൈദ്യുത മണ്ഡലങ്ങളെ കോഡിലേക്ക് വിവര്‍ത്തനം ചെയ്യുന്നു, അത് നിരവധി വൈദ്യുത ഉപകരണങ്ങളുമായി സംവദിക്കാന്‍ ഉപയോഗിക്കാം.
നിങ്ങള്‍ എവിടെ പോയാലും കമ്പ്യൂട്ടറോ മൊബൈല്‍ ഉപകരണമോ നിയന്ത്രിക്കാന്‍ ഉപകരണം നിങ്ങളെ അനുവദിക്കുമെന്ന് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു.
ഈ പദ്ധതിയുടെ ഒരു ചെറുരൂപം കഴിഞ്ഞ വര്‍ഷം ലോകത്തിന് മസ്ക് പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഒരു മനുഷ്യനില്‍ പരീക്ഷിക്കണമെങ്കില്‍ ഇനിയും രണ്ട് കൊല്ലം എടുക്കും.
എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വ്യാവസായികമായ ഉപയോഗത്തിനായിരിക്കും ഇത്രയും സമയം എടുക്കുക, മനുഷ്യനില്‍ ഇതിന്റെ പരീക്ഷണം അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം ശരീരം തളര്‍ന്നിരിക്കുന്ന വ്യക്തികള്‍ക്കും മറ്റും വലിയ മാറ്റം ഉണ്ടാക്കുവാന്‍ ഈ സാങ്കേതി വിദ്യകൊണ്ട് സാധിക്കും എന്നാണ് മസ്കിന്റെ വാദം. എന്തായാലും കാത്തിരുന്നു കാണാം എന്നേ ഈ അവസരത്തില്‍ പറയാനാകൂ.