റിച്ചാര്‍ഡ് ബ്രാന്‍സന്റെ പേടകത്തിലേറി അങ്ങനെ ഇലോണ്‍ മസ്കും ബഹിരാകാശത്ത് എത്തും. വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ഭാവിയാത്രാ സംഘത്തില്‍ സ്പേസ് എക്സ് മേധാവിയും ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.
250,000 ഡോളറിനാണ് (ഏകദേശം 1.86 കോടി രൂപ) മസ്ക്കിന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
ഇതു സൗഹൃദത്തിന്റെ പേരിലാണെന്നും ഭാവിയില്‍ സ്പേസ് എക്സ് യാത്രയില്‍ താനും പോകുമെന്നും ബ്രാന്സന് പറഞ്ഞു. ബ്രാന്‍സനു ശുഭയാത്ര നേരാന്‍ മസ്ക് വിക്ഷേപണ കേന്ദ്രത്തില്‍ എത്തിയിരുന്നു.
ബ്രാന്‍സന്റെ ഞായറാഴ്ചത്തെ യാത്രയ്ക്ക് തൊട്ടുമുന്‍പാണ് മസ്കും തന്റെ ബഹിരാകാശ യാത്രയ്ക്കായി ടിക്കറ്റ് വാങ്ങിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ മസ്കിന്റെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. ഭാവിയിലെ യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാന്സന് അവകാശപ്പെട്ടത്.
വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് വാങ്ങുന്നത്. ടിക്കറ്റ് വില്പനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളര്‍ സ്വരൂപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇലോണ്‍ തന്റെ അടുത്ത സുഹൃത്താണ്, ഒരുപക്ഷേ ഞാന്‍ അദ്ദേഹത്തിന്റെ പേടകത്തിലും ഒരു ദിവസം യാത്രചെയ്തേക്കാം എന്നാണ് സണ്‍ഡേ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ബ്രാന്സണ് പറഞ്ഞത്.
അതേസമയം, മസ്ക് ടിക്കറ്റ് ബുക്ക് ചെയ്തതോടെ ബ്രാന്‍സന്റെ ബഹിരാകാശ ടൂറിസം പദ്ധതി വന്‍ കുതിപ്പ് നടത്തിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനില്‍ ബഹിരാകാശത്തു പോയി മടങ്ങിയെത്തിയ വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചാര്‍ഡ് ബ്രാന്‍സനും ഇന്ത്യന്‍ വംശജ സിരിഷ ബാന്‍ഡ്ലയും ഉള്‍പ്പെടുന്ന സംഘത്തിനും വന്‍ അഭിനന്ദനപ്രവാഹമാണ്.
യാത്ര ബഹിരാകാശ രംഗത്തെ നിര്‍ണായക നാഴികക്കല്ലാണെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍ പറഞ്ഞു.
ബഹിരാകാശ ടൂറിസം മേഖലയില്‍ വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ പ്രധാന പ്രതിയോഗിയായ ബ്ലൂ ഒറിജിന്‍ മേധാവി ജെഫ് ബെസോസും ബ്രാന്‍സനെ അഭിനന്ദിച്ചു.
യാത്രയ്ക്കു ശേഷം ഓഹരികളിലുണ്ടായ കുതിച്ചുചാട്ടം മൂലം, വെര്‍ജിന്‍ ഗലാറ്റിക്കിന്റെ ആസ്തിയില്‍ 84 കോടി യുഎസ് ഡോളറിന്റെ വര്‍ധനയുണ്ടായി.