ഇന്ന് ലോകത്തു നടക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായമുള്ള വ്യക്തിയാണ് ലോക കോടീശ്വരന് ഇലോണ്‍ മസ്ക്.
രാജ്യാന്തര വിഷയങ്ങള്‍ മുതല്‍ ക്രിപ്റ്റോ കറന്‍സി വരെയുള്ള നിരവധി കാര്യങ്ങളില്‍ അഭിപ്രായ പ്രകടനങ്ങളുമായി മസ്ക് നിറഞ്ഞു നില്ക്കുന്നു.
ഇതില്‍ പലതും വിവാദങ്ങളാകുമെന്നത് വേറെ കാര്യം. യുക്രെയ്നും റഷ്യയുമായി യുദ്ധം കനത്തു നില്ക്കുന്ന ഈ സമയത്ത് മസ്ക് ഒരൊന്നൊന്നര വെല്ലുവിളി നടത്തിയിരിക്കുയാണ്.
അതും സാക്ഷാല്‍ വ്ളാദിമിര്‍ പുടിനെ. താനുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ഇടികൂടി അങ്കം കുറിക്കാനുണ്ടോയെന്നാണു പുട്ടിനെ മസ്ക് വെല്ലുവിളിച്ചിരിക്കുന്നത്.
പുട്ടിന് തോറ്റാല്‍ യുക്രെയ്നില്‍ നിന്നു റഷ്യന്‍ സേന തിരികെപ്പോകണം. എന്താ, നിങ്ങള്‍ പോരാട്ടത്തിനുണ്ടോ? മസ്ക് ചോദിക്കുന്നു.
മസ്കിന്റെ വെല്ലുവിളി താമസിയാതെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ശ്രദ്ധേയമായ പ്രതികരണങ്ങളുമായി വന്നതില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മേധാവിയായ ഡിമിത്രി റോഗസിനുമുണ്ട്.
പുട്ടിനെ ഒക്കെ എതിരിടാന്‍ താന്‍ വളര്‍ന്നിട്ടില്ലെന്നും പറ്റുമെങ്കില്‍ ആദ്യം തന്നെ അടിച്ചുതോല്‍പിക്കാനും റോഗോസിന്‍ ഇലോണ്‍ മസ്കിനെ വെല്ലുവിളിച്ചു. വിഖ്യാത റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കിന്റെ ഉദ്ധരണികളോടെയായിരുന്നു റോഗോസിന്റെ ട്വീറ്റ്.
ഇതിനു മറുപടിയായി പുട്ടിന് കരടിയുടെ മേല്‍ യാത്ര ചെയ്യുന്ന ഒരു വ്യാജ ഫോട്ടോഷോപ് ചിത്രവും താന്‍ ഫ്ലെയിംത്രോവര്‍ എന്ന ആയുധം ഉപയോഗിക്കുന്നതിന്റെ ചിത്രവും നല്കി, നിങ്ങളുടെ പോരാളിയെ തിരഞ്ഞെടുക്കൂ എന്ന ക്യാപ്ഷനോടെ മസ്ക് ട്വീറ്റ് ചെയ്തു.
പുട്ടിനു വേണമെങ്കില്‍ സഹായത്തിനായി തന്റെ കരടിയെയും കൊണ്ടുവരാമെന്നും താന്‍ ഇരുവരെയും ഒരുമിച്ച് നേരിടുമെന്നും മസ്ക് വ്യക്തമാക്കി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ച ഉടലെടുത്തു.
ഇതൊക്കെ മസ്ക് ശരിക്കും പറയുന്നതാണോയെന്നതാണ് ചിലരൊക്കെ ചോദിക്കുന്നത്. എന്നാല്‍ താന്‍ തന്നെ പറഞ്ഞതാണെന്ന് മസ്ക് വ്യക്തമാക്കുകയും ചെയ്തു.
പിന്നീട് മസ്കിന്റെയും പുടിന്റെയും ശരീര ശേഷിയുടെ താരതമ്യമായി. 184 സെന്റിമീറ്റര്‍ പൊക്കമുള്ള മസ്കിന് 169 സെന്റിമീറ്റര്‍ പൊക്കമുള്ള പുട്ടിനെ പെട്ടെന്നു തോല്പിക്കാന് സാധിക്കുമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടത്.
അന്‍പതുവയസ്സുള്ള മസ്കിനേക്കാള്‍ 19 വയസ്സ് കൂടുതലാണ് പുട്ടിന്. ഇതും നിര്‍ണായകമാകുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പുട്ടിന് ജൂഡോ ഉള്‍പ്പെടെ ആയോധനകലകളറിയാമെന്നും മസ്കിന്റെ പണിപാളാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.
യുദ്ധക്കെടുതികളില്‍ യുക്രെയ്ന് ജനത വലയുമ്പോള്‍ ഇത്തരം തമാശ ട്വീറ്റുകള്‍ ചെയ്യുന്നതില്‍ നിന്നും മസ്്ക് ഒഴിഞ്ഞുനില്‍ക്കണമെന്നും ചിലര്‍ അഭ്യര്‍ഥിച്ചു.
യുദ്ധത്തില്‍ വിവരസാങ്കേതിക മേഖല ഉള്‍പ്പെടെ താറുമാറായ യുക്രെയ്ന് മസ്കിന്റെ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കുകയും ഇന്റര്‍നെറ്റ് കണക്ടിവിറ്റി നിലനിര്‍ത്താനായി ഒട്ടേറെ സഹായങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു.
യുക്രെയ്ന് ഉപപ്രധാനമന്ത്രിയായ മിഖാലോ ഫെഡറോവിന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു ഇത്. ഡിഷ് ആന്റിനകളും അദ്ദേഹം അയച്ചുനല്‍കിയിരുന്നു.
യുക്രെയ്നില്‍ വൈദ്യുതിയും ചാര്ജിങ്ങുമൊക്കെ പ്രതിസന്ധിയിലായതിനാല്‍ വൈദ്യുതി ഉപഭോഗം കുറച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന തരത്തില്‍ സോഫ്റ്റ്വെയറുകളിലും മറ്റും മാറ്റവും വരുത്തിനല്കി. എന്തായാലും പുടിന് മസ്കിന്റെ വെല്ലുവിളി ഏറ്റെടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.