ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജീ ബ്രിന്‍.
മസ്കിന് തന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബ്രിന്‍ ബന്ധം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഇതോടൊപ്പം മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ അറിയിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.
മസ്കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങള്‍ വില്ക്കാന് അദ്ദേഹം തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.
ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്കിന് നിക്കോള്‍ ഷാനഹാനുമായി 2021 മുതല്‍ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്.
ഇത് അറിഞ്ഞ ബ്രിന്‍ ഈ വര്‍ഷം ആദ്യം ഭാര്യയുമായി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും വിവാഹമോചന അപേക്ഷ നല്‍കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
ഫ്ളോറിഡയിലെ മയാമിയില്‍ നടന്ന ആര്‍ട്ട് ബേസലില്‍ വച്ചാണ് മസ്കും ഷാനഹാനും തമ്മില്‍ രഹസ്യബന്ധം ആരംഭിച്ചതെന്നും മറ്റൊരു ചടങ്ങില്‍ വച്ച് മസ്ക് ബ്രിന്നിനോട് ക്ഷമാപണം നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.
മസ്കുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് ബ്രിന്നിന്. 2008ല്‍ മസ്ക് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായ ഹസ്തം നീട്ടിയത് ബ്രിന്നായിരുന്നു.
മസ്കിന്റെ കമ്പനികളില്‍ ബ്രിന്നിന് എത്രത്തോളം നിക്ഷേപം ഉണ്ടെന്നു വ്യക്തമല്ല. എന്തെങ്കിലും വില്‍പ്പന നടന്നിട്ടുണ്ടോ എന്നും വ്യക്തമല്ല.
ബ്ലൂംബര്‍ഗ് പട്ടിക അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്കിന് 242 ബില്യന്‍ ഡോളറുടെ ആസ്തിയുണ്ട്. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്രിന്നിന് 94.6 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
എന്നാല്‍ വാള് സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് നിഷേധിച്ച മസ്ക്, ബ്രിന്നും താനും തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഇന്നലെ രാത്രിയില്‍ കൂടി ഇരുവരും പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തെന്നും ട്വീറ്റ് ചെയ്തു.
‘കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിക്കോളിനെ രണ്ടു പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഈ കൂടിക്കാഴ്ചകളിലെല്ലാം ഞങ്ങള്‍ക്കു ചുറ്റും നിരവധി പേരുണ്ടായിരുന്നു.
അതില്‍ പ്രണയമൊന്നുമില്ല’ മസ്ക് ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.
ഇലോണ്‍ മസ്കിനെതിരെ ഇതാദ്യമായല്ല ‘അവിഹിത ബന്ധ’ കഥകള്‍ പുറത്തുവരുന്നത്. മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വൈദ്യശാസ്ത്ര സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്കിന്റെ പ്രോജക്ട് ഡയറക്ടര്‍ ഷിവോണ്‍ സിലിസുമായുള്ള മസ്കിന്റെ ബന്ധം പുറത്തുവന്നിരുന്നു.
തന്റെ ഇരട്ടക്കുട്ടികളുടെ പേരിനൊപ്പം ഇലോണ്‍ മസ്കിന്റെ പേരുകൂടി ചേര്‍ക്കാന്‍ ടെക്സസ് കോടതിയില്‍ സിലിസ് അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിയുന്നത്.
2016ല്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിലെ ജീവനക്കാരിക്ക് 250,000 ഡോളര്‍ ജീവനാംശം നല്കി ലൈംഗിക പീഡന പരാതി ഒതുക്കി തീര്‍ത്തതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്തായാലും കഥാനായകന് മസ്ക് ആയതിനാല്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിട്ടുണ്ട്.