ലോക കോടീശ്വരന് ഇലോണ്‍ മസ്ക് പുതിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോം തുടങ്ങുമെന്ന വാദം ടെക് ലോകത്ത് ശക്തമാകുന്നു.
മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള മസ്കിനെ സംബന്ധിച്ച് ഇതത്ര വലിയ കാര്യമൊന്നുമല്ലെങ്കിലും ചങ്കിടിപ്പു കൂടുന്നത് ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള സ്ഥാപനങ്ങളുടേതാണ്.
പുതിയ ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം തുടങ്ങുമെന്ന കാര്യം ഗൗരവത്തില്‍ എടുക്കുന്നുവെന്ന് മസ്ക് തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചതോടെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്.
പ്രണയ് പാതൊള് എന്ന ആളുടെ ട്വീറ്റിനു മറുപടിയായാണ് മസ്ക് ഇക്കാര്യത്തിലുളള തന്റെ താത്പര്യം അറിയിച്ചത്.
എന്നാല്‍ മസ്ക് അവിടം കൊണ്ട് നിര്‍ത്തിയില്ല. തുടര്‍ന്ന് അദ്ദേഹം തന്റെ അക്കൗണ്ടില്‍ ഒരു വോട്ടെടുപ്പു നടത്തുകയും ചെയ്തു.
അടുത്ത ട്വീറ്റില്‍ അദ്ദേഹം പുതിയ ഒരു പ്ലാറ്റ്ഫോം വേണോ എന്നും ചോദിക്കുകയും ചെയ്തു. വലിയ പ്രതികരണമാണ് മസ്കിന്റെ ട്വീറ്റിന് ലഭിച്ചത്.
മസ്കിന്റെ തീരുമാനം സമൂഹ മാധ്യമ മേഖലയെ ഉഴുതു മറിച്ചേക്കാം എന്നാണ് ടെക്-വിദഗ്ദര്‍ നല്കുന്ന സൂചന.
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ആഴത്തില്‍ വേരുപിടിച്ചു കഴിഞ്ഞു. ഇനി അവയ്ക്കെതിരെ സാധാരണ കമ്പനികളോ ചിന്താഗതികളോ ഉളളവരാരും പ്ലാറ്റ്ഫോമുകള് തുടങ്ങിയിട്ടു കാര്യമില്ല.
എന്നാല്‍, അതല്ല മസ്കിനെ പോലെ ഒരാള്‍ക്കു ചെയ്യാനാകുക. കാശിനു കാശും സാങ്കേതികവിദ്യയ്ക്ക് സാങ്കേതികവിദ്യയും ഉള്ള അദ്ദേഹം പുതിയൊരു സമൂഹ മാധ്യമം തുടങ്ങിയാല്‍ അതിലേക്ക് ആളുകള്‍ ഇരച്ചു കയറാനുള്ള സാധ്യതയുണ്ട്.
സ്വകാര്യതയ്ക്ക് കടുത്ത ഭീഷണിയാണ് എന്ന് ആരോപിക്കപ്പെടുന്ന നിലവിലുള്ള പല പ്ലാറ്റ്ഫോമുകളും ഉപേക്ഷിച്ച് മസ്കിനൊപ്പം ചേരാന്‍, ടെക്നോളജിയെക്കുറിച്ച് അവബോധമുള്ളവര്‍ തയാറായേക്കും.
ഇത് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഭീഷണിയാകാം. എന്നാല്‍ മസ്ക് പുതിയ പ്ലാറ്റ്ഫോം തുടങ്ങിയാല്‍ത്തന്നെ, അത് എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ല. എന്തായാലും ആള് മസ്ക് ആയതിനാല്‍ എന്തും പ്രതീക്ഷിക്കാം.