ശ്രീകണ്ഠന്‍നായര്‍ ഷോയില്‍ സന്തോഷ് പണ്ഡിറ്റിന് ഏറ്റ അപമാനമായിരുന്നു ഒരാഴ്ച്ചയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്നത്. മിമിക്രി താരങ്ങള്‍ക്കെതിരേ ട്രോളുകളും തെറിവിളികളുമായി പണ്ഡിറ്റ് ആരാധകരുടെ വിളയാട്ടമായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ രക്തസാക്ഷിയാക്കി നേട്ടം കൊയ്യാന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്തെത്തി. ഇതോടെ ഗുരുതരമായ ആരോപണങ്ങളുമായി പണ്ഡിറ്റും കളംനിറഞ്ഞു. എന്നാല്‍ മിമിക്രി താരങ്ങളുടെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല.
എന്താണ് ശ്രീകണ്ഠന്‍നായര്‍ ഷോയില്‍ സംഭവിച്ചത്, പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നോ മിമിക്രിക്കാര്‍, അതോ പരിപാടി കൊഴുപ്പിക്കാനുള്ള ശ്രമമായിരുന്നോ…ഒരുപിടി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുന്നതിനാണ് ഞങ്ങള്‍ ഏലൂര്‍ ജോര്‍ജെന്ന മിമിക്രി, സിനിമ താരത്തെ ഫോണില്‍ ബന്ധപ്പെട്ടത്. വാഗമണ്ണില്‍ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു അദ്ദേഹം. പണ്ഡിറ്റ് വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് ആദ്യം മടിച്ചെങ്കിലും പിന്നീട് അന്ന് സംഭവിച്ച ഓരോ കാര്യങ്ങളും ഒാര്‍ത്തെടുത്തു. ഏലൂര്‍ ജോര്‍ജിന്റെ വാക്കുകളിലൂടെ….
അന്ന് നടന്നത് തികച്ചും സൗഹൃദപരമായ ഒരു കൗണ്ടര്‍ ഷോയായിരുന്നു. ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്ന കാലഘട്ടം മുതല്‍ ശ്രീകണ്ഠന്‍ സാറിന്റെ ഷോകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. കളിയും കാര്യവുമായ ഒരു കൗണ്ടര്‍ ഷോയ്ക്കായിട്ടാണ് അന്നും ചാനല്‍ ഫ്‌ളോറിലെത്തിയത്. അവിടെയെത്തിയപ്പോഴാണ് പണ്ഡിറ്റും പരിപാടിക്ക് ഉണ്ടെന്ന കാര്യമറിയുന്നത്. ഷോ തുടങ്ങിയപ്പോള്‍ മുതല്‍ മിമിക്രിക്കാരായ ഞങ്ങളെ കടന്നാക്രമിക്കാനാണ് അയാള്‍ മുതിര്‍ന്നത്. ഷോ കാണിക്കുന്നതിനും ആളാകുന്നതിനും മാത്രമാണ് വന്നതെന്ന് വ്യക്തം. ഒരു ഘട്ടത്തില്‍ നീയൊക്കെ ഇത്രനാള്‍ മിമിക്രി കളിച്ചിട്ട് എന്തുനേടിയെന്ന് ചോദിച്ചതോടെയാണ് ഞാന്‍ ഉള്‍പ്പെടെ സന്തോഷിനെ ചോദ്യം ചെയ്തത്.
പലഘട്ടത്തിലും സംസ്കാരശൂന്യമായിട്ടാണ് പണ്ഡിറ്റ് സംസാരിച്ചത്. പതിവ് നെഗറ്റീവ് പബ്ലിസിറ്റി ഇവിടെയും ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു അയാള്‍. മിമിക്രി ഷോകളില്‍ പരസ്പരം കളിയാക്കുന്നത് ഞങ്ങളുടെ പതിവാണ്. അപ്പോള്‍ തന്നെ അത് മറക്കുകയും ചെയ്യും. ആളുകളെ രസിപ്പിക്കാന്‍വേണ്ടി മാത്രമാണിത്. അതുപോലെ തന്നെയാണ് അന്നും ഷോ അവസാനിപ്പിച്ചത്. വളരെ സൗഹാര്‍ദപരമായിട്ടാണ് അന്ന് ഷോ കഴിഞ്ഞ് മടങ്ങിയത്. പണ്ഡിറ്റ് ഞങ്ങളുടെ അടുത്ത് വന്നു ഷോയില്‍ നടന്ന കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്താല്‍ മതിയെന്നു പറഞ്ഞാണ് മടങ്ങിയത്. എന്നാല്‍ പിന്നീട് സോഷ്യല്‍മീഡിയ ഇതേറ്റെടുക്കുന്നതാണ് കണ്ടത്. ട്രോളുകളും മറ്റുമായി ഞങ്ങള്‍ ആക്രമിക്കപ്പെട്ടതോടെ ആളാകാന്‍ അയാളും രംഗത്തെത്തി. അയാളില്‍നിന്നും അത്രയും പ്രതീക്ഷിച്ചാല്‍മതി.
ദിലീപും നാദിര്‍ഷയും അടക്കമുള്ളവര്‍ ഷോ കഴിഞ്ഞശേഷം വിളിച്ചിരുന്നു. ട്രോളുകള്‍ ഇറങ്ങിയതോടെ നീ കൂടൂതല്‍ പ്രശസ്തനായല്ലോട എന്നാണ് എല്ലാവരും പറയുന്നത്. ട്രോള്‍ ചെയ്യുന്നതില്‍ ഒരു വിഷമവുമില്ല. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ലൊക്കേഷനില്‍ ഇപ്പോള്‍ ഞാനാണ് താരമെന്നു പറഞ്ഞാലും അതിശയോക്തിയില്ല- ചിരിയോടെ ഏലൂര്‍ ജോര്‍ജ് പറഞ്ഞു നിര്‍ത്തുന്നു.