കളമശേരി: ഏലൂർ നഗരസഭ അക്കൗണ്ടിൽ നിന്ന് നാലുമാസം മുമ്പ് പിൻവലിച്ച വാർഡ് ശുചീകരണ പദ്ധതി തുക ഏലൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നഗരസഭ സെക്രട്ടറിയ്ക്കു തിരികെ നൽകി. പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നില്ലെന്ന വാർഡ് കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പണം കൈമാറിയത്.
സംഭവത്തെ തുടർന്നു ഹെൽത്ത് ഇൻസ്പെക്ടറെ നിലവിലെ വാർഡുകളുടെ ചുമതലയിൽ നിന്ന് സെക്രട്ടറി മാറ്റി. പകരം നഗരസഭാധ്യക്ഷയുടെ വാർഡിന്റെ ചുമതലയാണ് പ്രധാനമായും നൽകിയിരിക്കുന്നത്. ഇതിനിടയിൽ മറ്റു വാർഡുകളിലെ കണക്കുകളും പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
രണ്ട് സാമ്പത്തിക വർഷങ്ങളിലായി കൗൺസിലർ സിജി ബാബുവിന്റെ വാർഡിൽ അനുവദിച്ചിട്ടുള്ള 20,000 രൂപയാണ് ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു തിരികെ നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈയിനത്തിൽ അനുവദിച്ച 10,000 രൂപയിൽ ബാക്കി തുകയായ 5,000 രൂപയും നടപ്പ് സാമ്പത്തിക വർഷത്തിലെ തുകയായ 15,000 രൂപയുമാണ് സെക്രട്ടറിയ്ക്ക് നൽകിയത്. നഗരസഭ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ മാർച്ച് മാസം പിൻവലിച്ചതാണ് ബാക്കിയുണ്ടായിരുന്ന 5,000 രൂപ.
കൂടാതെ ഇത്തവണത്തെ 15,000 രൂപയും പിൻവലിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സ്വന്തം അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏലൂർ നഗരസഭയിൽ അനുവദിക്കുന്ന പദ്ധതിത്തുക അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് ഉദ്യോഗസ്ഥർ സ്വന്തമാക്കുന്ന പരാതി ഇതിന് മുമ്പും ഉയർന്നിട്ടുണ്ട്. കക്കൂസ് നിർമാണത്തിനായി ഗുണഭോക്താക്കൾക്ക് അനുവദിച്ച തുക വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിച്ചു മാറ്റിയിട്ടുണ്ട്. ഓഡിറ്റ് ഒബ്ജക്ഷൻ വന്നതിനെ തുടർന്നാണ് തുക ഉദ്യോഗസ്ഥർ തിരികെ അടച്ചത്.