വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി, നല്ല വസ്ത്രങ്ങൾ ഇല്ലാതെ, നിത്യജീവിതത്തിനു വകയില്ലാതെ വിഷമിക്കുന്ന നൂറുകണക്കിനു പേർക്കു കൈത്താങ്ങാകുകയാണ് ഈ വീട്ടമ്മ. ഇവർക്കെല്ലാം ഇന്ന് എൽസി തങ്ങളുടെ സുഹൃത്തും അന്നദാതാവും മാത്രമല്ല….അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെയാണ്.
പറഞ്ഞുവരുന്നതു പാലാരിവട്ടം പള്ളിച്ചാൽ റോഡ് സാബു ജോസിന്റെ ഭാര്യ എൽസിയെക്കുറിച്ചും തെരുവിൽ സ്നേഹത്തിന്റെ അന്നം വിളന്പി എൽസി തുടങ്ങിയ ലവ് ആൻഡ് കെയർ എന്ന സന്നദ്ധ സംഘടനയെക്കുറിച്ചുമാണ്. കൃത്യം പറഞ്ഞാൽ 2003 സെപ്തംബർ രണ്ടിനു മകന്റെ എട്ടാം പിറന്നാളിനാണ് എൽസി വിശക്കുന്നവരെക്കുറിച്ച് ചിന്തിച്ചത്.
ആഘോഷം തുടങ്ങുന്നതിനു തൊട്ടുമുന്പ് വീട്ടിൽ അതിഥികൾക്കായി ഒരുക്കിയ ഭക്ഷണത്തിൽ കുറച്ച് എടുത്തുമാറ്റി പൊതിച്ചോറുകളൊരുക്കി തെരുവിലേക്കിറങ്ങി. അവരുടെ നല്ല മനസ്സ് തിരിച്ചറിഞ്ഞ അയൽക്കാരും വീട്ടുകാരും സുഹൃത്തുക്കളും ഒപ്പം കൂടി. പിന്നീട് കേട്ടറിഞ്ഞ് പലരും. അങ്ങനെ, തെരുവിൽ സ്നേഹത്തിന്റെ അന്നം വിളന്പി തുടങ്ങിയ ലവ് ആൻഡ് കെയർ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഇന്നു കൊച്ചിയിൽ ദിനവും നൂറുകണക്കിനുപേർക്കു ഭക്ഷണം നൽകിവരുന്നു.
ക്രൂരത… എന്തിനിങ്ങനെ?
ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവായ മധുവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം ക്രൂരതയെന്നു മാത്രമേ പറയാൻ സാധിക്കുവെന്ന്എൽസി പറയുന്നു. എന്തിനിങ്ങനെ അതിക്രമം കാട്ടുന്നുവെന്നു നാമെല്ലാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു നേരത്തെ ആഹാരത്തിനായി അലയുന്നവരെ ആക്രമിക്കാതെ അവരെ സഹായിക്കുവാനുള്ള മനസാണ് ഒാരോരുത്തർക്കും വേണ്ടതെന്നും എൽസി പറയുന്നു.
കൊച്ചിയിൽ വിവിധ സ്ഥലങ്ങളിലായി നിരവധി ആളുകൾ ഒരു നേരത്തെ ഭക്ഷണം പ്രതീക്ഷിച്ചു കഴിയുന്നുണ്ട്. ഇവർക്കെല്ലാം ഭക്ഷണം എത്തിച്ചു നൽകുകയെന്നതു ശ്രമകരമെങ്കിലും തങ്ങൾക്കു കഴിയാവുന്ന സഹായമാണു ചെയ്തുവരുന്നതെന്നു ഹൈക്കോർട്ട് ജംഗ്ഷനു സമീപം പൊതിച്ചോറിനായി കാത്തിരിക്കുന്നവർക്കു ഭക്ഷണപ്പൊതികൾ കൈമാറിക്കൊണ്ട് എൽസി പറയുന്നു.
വിവിധ കോളജുകൾ, സ്കൂളുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ഹൈക്കോടതി ജീവനക്കാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽനിന്നു ലഭിക്കുന്ന ഭക്ഷണപ്പൊതികളാണ് ഇവർ വിതരണം ചെയ്യുന്നത്. രാവിലെ എഴുന്നേറ്റ് വീട്ടുജോലികൾ തീർത്തശേഷം മറ്റുള്ള വീട്ടമ്മമാർ ടിവിയുടെ മുന്നിലേക്ക് ചേക്കേറുന്പോഴാണ് എൽസിയുടെയും സഹപ്രവർത്തകരുടെയും ദിവസങ്ങൾ വ്യത്യസ്തമാകുന്നത്.
വിശപ്പിലേക്കു കണ്മിഴിക്കുന്നവരുടെ മുന്നിലേക്കു സന്തോഷത്തിന്റെ പൊതികളുമായി എത്തുന്ന ഇവരെ തെരുവോരങ്ങളിൽ കഴിയുന്നവർ മാത്രമല്ല കാത്തിരിക്കുന്നത്. കൊച്ചിയിലെ വിവിധ കോളനി നിവാസികളും അഭയകേന്ദ്രങ്ങളിലെ അന്തേവാസികളും എൽസിയുടെ സ്നേഹം അറിഞ്ഞു വളരുന്നവർ തന്നെയാണ്. നല്ലവരായ ഒരു കൂട്ടം ആളുകളുടെ പ്രോത്സാഹനമാണു വിശക്കുന്നവർക്ക് ആഹാരം നൽകിവരുന്നതിപ്പോഴും തുടരാൻ കാരണമെന്നും എൽസി പറയുന്നു.
കൊച്ചിയെ രണ്ടായി തിരിച്ചാണ് ഇവരുടെ പ്രവർത്തനം. നഗരത്തിനുള്ളിൽ ഹൈക്കോടതിയിലും അടുത്ത പ്രദേശങ്ങളിൽനിന്നും കളമശേരി, തൃക്കാക്കര, കാക്കനാട്, മൂലംപള്ളി, കടവന്ത്ര എന്നിവിടങ്ങളിൽനിന്നൊക്കെ ഇവർ ഭക്ഷണം ശേഖരിക്കുന്നു. ചിലർ ദിവസവും മറ്റു ചിലർ ഇടവിട്ട ദിവസങ്ങളിലുമാണു ഭക്ഷണം നൽകുന്നത്.
2007ൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എച്ച്.എൽ. ദത്തുവിന്റെ കാലത്ത് തുടങ്ങിയ കീഴ്വഴക്കം ഇപ്പോഴും തുടരുന്നതായി എൽസി പറയുന്നു. ഇവിടെനിന്നു ദിവസവും നൂറിലേറെ പൊതിച്ചോറുകൾ ലഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഹൈക്കോടതിയിൽനിന്നും ഇതിനോടകം ഏകദേശം 2,10,258 ഭക്ഷണപ്പൊതികൾ കൈമാറിക്കഴിഞ്ഞു.
വിദ്യാർഥികളുടെ പിന്തുണയ്ക്കു വാക്കുകളില്ല
കൊച്ചിയിലെ കുട്ടികളുടെ സംഭാവനയ്ക്കു വാക്കുകളില്ലെന്നാണ് എൽസി പറയുന്നത്. സമൂഹത്തിൽ തങ്ങളുടെ ചുറ്റിനും കഴിയുന്നവരുടെ വിഷമതകൾ കണ്ടറിഞ്ഞുതന്നെയാണു കുട്ടികൾ വളരുന്നത്. ഇതിന് ആഴ്ചയിൽ ഒരു ദിവസം ഇവർ വീട്ടിൽനിന്നു കൊണ്ടുവന്നു നൽകുന്ന പൊതിച്ചോർതന്നെയാണ് ഉദാഹരണമെന്നും എൽസി പറയുന്നു. വിദ്യാലയങ്ങളിൽ ഉൾപ്പെടെ സ്ഥാപിച്ചിരിക്കുന്ന ബോക്സിലാണ് ഏവരും പൊതിച്ചോർ നിക്ഷേപിക്കുന്നത്. ഇതു പിന്നീട് ലവ് ആൻഡ് കെയർ പ്രവർത്തകർ ശേഖരിച്ച് വിതരണം നടത്തുകയാണു രീതി.
മഹാരാജാസ്, തേവര സേക്രട്ട് ഹാർട്ട്സ്, ഭാരത് മാത, ആൽബർട്സ് തുടങ്ങിയ കോളജുകളിൽനിന്നും കൊച്ചിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഇവർ ഭക്ഷണപ്പൊതി ശേഖരിക്കുന്നുണ്ട്. കൂടാതെ, ബാങ്കുകൾ, വിവിധ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം പലരും കനിവിന്റെ ഉറവകളാകുന്നു. മിക്കവരും കേട്ടറിഞ്ഞ് എത്തുന്നതാണ്. നന്മയുടെ ഭാഗമാകാൻ എല്ലാവർക്കും അവസരം നൽകുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് എൽസി പറയുന്നു.
ഏതെങ്കിലും ഒരു ദിവസം ഭക്ഷണപ്പൊതികളുടെ എണ്ണം കുറഞ്ഞുപോയാലും എൽസിയെ കാത്തിരിക്കുന്നവർ പട്ടിണിയാകില്ല. വീട്ടിലുണ്ടാക്കുന്ന ഉച്ചഭക്ഷണത്തിന്റെ ഒരു ഭാഗം ഇവർക്ക് ഉറപ്പാണ്. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷദിവസങ്ങളിൽ പൊതിച്ചോറുകളായെത്തുന്നതു സദ്യയോ ബിരിയാണിയോ ഒക്കെയാവാം.
സമ്മാനപ്പെട്ടികൾ
ഭക്ഷണപ്പൊതികൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിൽ ഒതുങ്ങുന്നില്ല ഇവരുടെ പ്രവർത്തനങ്ങൾ. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ ഭാഗങ്ങളിൽ ലവ് ആൻഡ് കെയറിന്റെ സമ്മാനപ്പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട് ഇവർ. തനിക്ക് ഉപയോഗമില്ലാത്തതും മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്നതുമായ വസ്ത്രമോ കളിപ്പാട്ടമോ അങ്ങനെയെന്തും ഈ സമ്മാനപ്പെട്ടികളിൽ നിക്ഷേപിക്കാം. അത്, ആവശ്യക്കാരുടെ കൈകളിൽ ഇവരെത്തിക്കും.
കാൻസറോ മറ്റു രോഗങ്ങളോ ബാധിച്ച് കിടപ്പിലായിപ്പോയവരുടെ വീടുകളിൽ അരിയും മറ്റു സാധനങ്ങളും ഇവർ എത്തിച്ചുകൊടുക്കുന്നു. സ്കൂളിൽ പോകുന്ന പാവപ്പെട്ട കുട്ടികൾക്കു പുസ്തകങ്ങൾ, ബാഗ്, കുട അങ്ങനെ പലതും ഇവർ നൽകുന്നു. റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങി ഇവർക്കു ലഭിച്ചുകൊണ്ടിരിക്കുന്നതും വിതരണം ചെയ്തുവരുന്നതുമായ നിരവധി സാധനങ്ങളുണ്ട്. വീടിനോട് ചേർന്നു പ്രവർത്തിക്കുന്ന ലവ് ആൻഡ് കെയറിൽ അരിയും മറ്റ് സാധനങ്ങളും എപ്പോഴും കാണും.
അത്യാവശ്യ ഘട്ടങ്ങളിൽ എത്തുന്നവർക്കു നൽകുവാനുള്ളതാണ് ഈ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ. രോഗികളും ആരോരുമില്ലാത്തവരുമായ നിരവധി ആളുകൾ ഇവിടെയെത്തി സാധനങ്ങൾ വാങ്ങി മടങ്ങുന്നതും നിത്യസംഭവമാണ്. ജീവിതത്തിന്റെ വിവിധ തുറകളിൽഉയർന്നുവരുന്ന സ്ത്രീകളെ നമുക്ക് കാണാൻ സാധിക്കും. പക്ഷേ, സമൂഹത്തിന് വഴികാട്ടിയാകുന്ന എൽസിയെപ്പോലെയുള്ളവവർ വിരലിലെണ്ണാവുന്നവർ മാത്രമാകും.
റോബിൻ ജോർജ്