മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുമായി മൂവാറ്റുപുഴയിലെ മുന്നണികൾ.
സാധരണ ഗതിയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിത്രം വ്യക്തമാകുന്ന സാഹചര്യം ഉണ്ടായിരുന്നത് ഇക്കുറി ഇല്ലാത്തത് മുന്നണി നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇടതു-വലത് മുന്നണികൾ തമ്മിൽ ശക്തമായ മത്സരം നടന്നിരുന്ന മണ്ഡലത്തിൽ ഇക്കുറി ഫലം പ്രവചനാതീതമാണ്. ട്വന്റി 20യുടെ മത്സരരംഗത്തേക്കുള്ള പ്രവേശനമാണ് ഇരു മുന്നണിയെയും ആശങ്കപെടുത്തുന്നത്.
യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഇവരുടെ പ്രവർത്തനം ഊർജ്ജചിതമായിരുന്നു. എന്നാൽ അവസാന പ്രചാരണ ഘട്ടത്തിൽ എൽഡിഎഫ് കുത്തക വോട്ടുകളെയും സ്വാധീനിക്കാൻ ട്വന്റി 20യ്ക്കായെന്നത് ഇടതുമുന്നണിയെയും ഭയപ്പെടുത്തുന്നു.
എൽഡിഎഫ് മണ്ഡലം നിലനിർത്തുമെന്നാണ് തെരഞ്ഞെടുപ്പ് കൺവീനർ ബാബു പോൾ അവകാശപ്പെടുന്നത്.
കൈവിട്ടു പോയ മണ്ഡലം ഇത്തവണ യുഡിഎഫ് തിരിച്ചെടുക്കുമെന്നും, ഏറ്റവും മികച്ച സ്ഥാനാർഥിയെയാണ് ഇതിനായി രംഗത്തിറക്കിയതെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എം. സലിം പറഞ്ഞു.
ബിജെപി പാളയത്തിലും വിജയപ്രതീക്ഷയുണ്ട്. ഇക്കുറി ബിജെപി മണ്ഡലത്തിൽ വിജയിച്ചു ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മെയ് രണ്ട് വരെ കാത്തിരിക്കണമെന്നിരിക്കെ പോളിംഗ് ദിനത്തിലെ ക്ഷീണം വകവയ്ക്കാതെ പലയിടങ്ങളിലും ഇന്നലെ രാത്രി ഏറെ വൈകിയും മുന്നണി നേതാക്കളും പ്രവർത്തകരും കൂട്ടലും കിഴിക്കലുമായിരുന്നു.
മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വോട്ടിങ് മെഷീനുകളും മറ്റും സൂക്ഷിച്ചിരിക്കുന്നത് നിർമല ഹയർ സെക്കൻഡറി സ്കൂളിലാണ്. ഇവിടെ തന്നെയാണ് വോട്ട് എണ്ണൽ കേന്ദ്രവും.