കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ കൈക്കൂലി വാങ്ങി പണം വീതം വയ്ക്കുന്നവരെല്ലാം കുടുങ്ങും. എംബിഎ വിദ്യാർഥിനിയിൽ നിന്നും കൈക്കൂലി വാങ്ങിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആർപ്പൂക്കര തൊണ്ണംകുഴി കരോട്ടുപോങ്ങവനത്തിൽ സി.ജെ. എൽസിക്കെതിരെ വിജിലൻസും സിൻഡിക്കേറ്റിന്റെ നാലംഗ സമിതിയും അന്വേഷണം ആരംഭിച്ചു.
വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് എൽസി കൈക്കൂലി വാങ്ങി പലർക്കും വീതം വച്ചു നല്കിയതായുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ മാർക്ക് തിരുത്താൻ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നതായും വിജിലൻസ് സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്.
ഒരു വ്യക്തിക്കോ ഒരു സെക്ഷനിലോ മാത്രമായി ചെയ്യാവുന്ന കാര്യത്തിനല്ല എൽസി വിദ്യാർഥിനിയിൽനിന്നു കൈക്കൂലി വാങ്ങിയത്. ഇതോടെ സംഭവത്തിൽ എൽസിയ്ക്കു പുറമെ മറ്റു പലർക്കും പങ്കുണ്ടെന്ന് കാര്യം വിജിലൻസ് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനു പുറമെയാണ് എൽസി വിദ്യാർഥിനിയുമായി നടത്തുന്ന ഫോണ് സംഭാഷണം വിജിലൻസിനു ലഭിച്ചത്. ഈ സംഭാഷണത്തിൽ കൈക്കൂലിത്തുക വീതം വയ്ക്കേണ്ടവരുടെ പേരുകൾ അവർ പറയുന്നുമുണ്ട്. ഇതോടെയാണ് കൈക്കൂലി പണം പങ്കു വയ്ക്കുന്നവരെയല്ലാം പിടികൂടാനുള്ള നടപടികൾ വിജിലൻസ് ആരംഭിച്ചത്.
ഇന്നലെ യൂണിവേഴ്സിറ്റിയിലെത്തി വിജിലൻസ് സംഘം രേഖകൾ ശേഖരിച്ചു. എൽസിയുടെ ബാങ്ക് രേഖകളുടെ വിശദാംശങ്ങളും വിജിലൻസ് സംഘം പരിശോധിക്കുന്നുണ്ട്. വിജിലൻസ് സംഘം എൽസി കൈകാര്യം ചെയ്തിരുന്ന മുഴുവൻ ഫയലുകളും ശേഖരിച്ചു.
കൈക്കൂലി വാങ്ങി ആർക്കെങ്കിലും വഴിവിട്ട സഹായം ചെയ്തുകൊടുത്തിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്. എൽസിയുടെ നിയമനരേഖകളും വിജിലൻസ് പരിശോധിച്ചു വരികയാണ്. ഇതിനു പുറമെ യൂണിവേഴ്സിറ്റി അടക്കി വാഴുന്ന സംഘത്തെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്.
ഈ സംഘത്തിൽ ജീവനക്കാരും വിദ്യാർഥികളും വിദ്യാർഥികളല്ലാതെ കാന്പസിലും ഹോസ്റ്റലിലും അനധികൃതമായി കടന്നു കയറുന്നവരുമെല്ലാം ഉണ്ടെന്നാണ് സൂചന. ഈ സംഘം വിചാരിച്ചാൽ യൂണിവേഴ്സിറ്റിയിൽ എന്തും നടക്കും. ഇത്തരം സംഘത്തിന്റെ തണലിലാണ് എൽസി ഇത്രത്തോളം വളർന്നത്.
എസ്എസ്എൽസി പരീക്ഷയിൽ തോറ്റ എൽസി പ്യൂണ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചശേഷം തുല്ല്യതാ പരീക്ഷയെഴുതിയാണ് എസ്എസ്എൽസി പരീക്ഷയും പ്ലസ് ടു പരീക്ഷയും പാസായത്. എംജി യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലെത്തിയത്. റഗുലർ സ്റ്റുഡന്റായാണ് ഇവർ ബിരുദ പരീക്ഷയെഴുതിയത്.
ജീവനക്കാരിയായിരിക്കെ ഇവർ എങ്ങനെ റഗുലർ സ്റ്റുഡന്റായി എന്ന ചോദ്യവും ഒരു വിഭാഗം ജീവനക്കാർ ഉന്നയിക്കുന്നു. പ്യൂണായി ജോലിയിൽ പ്രവേശിച്ച ഇവർ എസ്എസ്എൽസി, പ്ലസ് ടു, ബിരുദ പരീക്ഷകൾ വെറും എട്ട് വർഷം കൊണ്ടു പാസായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലെത്തി.
അന്വേഷണ റിപ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ
കോട്ടയം: കൈക്കൂലി കേസിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ ് നിയമിച്ച നാലംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ നല്കും. സിൻഡിക്കേറ്റ് അംഗങ്ങളായ ഹരികൃഷ്ണൻ, ഡോ. ബി. കേരളവർമ, ഡോ. എ. ജോസ്, ഡോ. ഷാജിലാ ബീവി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ഇതിനു പുറമെ പരീക്ഷാ ഭവനിലും ഇടനാഴികളിലും കാമറയും മാഗ്നറ്റിക് വാതിലുകളും സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. മൂന്നു വർഷത്തിൽ കൂടുതലായി ഒരേ സീറ്റിൽ ജോലി ചെയ്യുന്നവരെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലംമാറ്റും. സെക്ഷൻ ഓഫീസർമാരുടേയും സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടേയും ജോലി നിരീക്ഷിക്കും.
അറ്റൻഡൻസ് നിരീക്ഷിക്കാൻ ബയോമെട്രിക് സംവിധാനം കുറ്റമറ്റതാക്കും. ഓഫീസ് സമയക്രമം പാലിക്കും, ഫ്രണ്ട് ഓഫീസ് സംവിധാനം ശക്തിപ്പെടുത്തും. കെട്ടിക്കിടക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും എത്രയും വേഗം നൽകാനും യോഗം തീരുമാനിച്ചു.
2020 ജനുവരി ഒന്നു മുതൽ എംബിഎ സെഷനിൽ നടന്ന പരീക്ഷാ സംബന്ധമായ ജോലികൾ, റിസൾട്ട് വന്നതിനുശേഷമുള്ള തെറ്റുതിരിത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ, എംബിഎ സെക്ഷനിലെ നടപടി ക്രമങ്ങൾ, പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സെഷൻ ഓഫീസറായി ഒരു ജീവനക്കാരൻ തുടരുന്ന സാഹചര്യം, റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടും ലഭ്യമാവാത്തതിന്റെ കാരണം, ഓരോ സെക്ഷനിലേയും പെൻഡിംഗ് ഫയലുകളുടെ നിലവിലെ സാഹചര്യം, മേഴ്സി ചാൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കാനും സിൻഡിക്കേറ്റ തീരുമാനിച്ചു.
സർവകലാശാലയിലെ അനധ്യാപക തസതികകളിലേക്കുള്ള നിയമനം പിഎസ്സിക്കു വിട്ടതിനു മുന്പു നടന്നിട്ടുള്ള നാലു ശതമാനം സംവരണാടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ക്രമപ്രകാരമാണെന്നും സിൻഡിക്കേറ്റ് കണ്ടെത്തി. അതേസമയം സി.ജെ.എൽസിയുടെ നിയമനവും സ്ഥാനക്കയറ്റവും ചട്ടപ്രകാരമാണെന്ന് സിൻഡിക്കേറ്റ് യോഗം വിലയിരുത്തി.