കാഞ്ഞിരപ്പള്ളി: റംസാൻ മാസം എത്തിയതോടെ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ ഉലുവാ കഞ്ഞിയുണ്ടാക്കാൻ ഉമ്മർ കുട്ടിയുമെത്തി. ഇതു പത്താം വർഷമാണ് പൂതക്കുഴി വളവനാ പാറയിൽ ഉമ്മർകുട്ടി നൈനാർ പള്ളിയിൽ ഉലുവാ കഞ്ഞിയുണ്ടാക്കാൻ എത്തുന്നത്.
മസ്ജിദുകളിലും വീടുകളിലും റംസാൻ കാലത്ത് നോന്പുതുറ വിഭവങ്ങളിലെ പ്രധാനിയാണ് ഉലുവാക്കഞ്ഞി.
പച്ചരി, തേങ്ങ, വെളിച്ചെണ്ണ, മുളക്, വെളുത്തുള്ളി, ഉലുവാ ജീരകം, ആശാളി, ചുവന്നുളളി, തക്കാളി പഴം, മല്ലിയില, പൊതിന, ഇഞ്ചി, വെളുത്തുള്ളി എന്നിവയാണ് ഉലുവാ കഞ്ഞിയുടെ ചേരുവകൾ. ഉലുവാ കഞ്ഞിക്ക് കൂട്ടാനായി വാളം പുളിചേർത്തുള്ള തേങ്ങാ ചമ്മന്തിയും ഉണ്ടാകും.
ഒപ്പം മുട്ട റോസ്റ്റും. ഇതോടൊപ്പം ചായയും പഴവും ഈത്തപ്പഴവും വിളമ്പും. സന്ധ്യാസമയത്ത് മഗ്രിബ് നമസ്കാരത്തിനായി പള്ളികളിൽനിന്ന് ബാങ്ക് വിളി ഉയരുന്നതോടെ ഈന്തപ്പഴം കഴിച്ചാണ് നോമ്പുതുറക്കുക. പിന്നീട് ചായയും പഴവും ഉലുവാ കഞ്ഞിയും കുടിക്കും. ഇതിനു ശേഷം മുട്ട റോസ്റ്റും.
രാവിലെ 11.30ന് കൂടി ഉമ്മർ കുട്ടി കഞ്ഞി നിർമാണം തുടങ്ങും. സഹായിയായി ഷിബു ഒപ്പമുണ്ട്. ആയിരത്തിലേറെ പേർക്കാണ് ഉലുവാ കഞ്ഞി തയ്യാറാക്കുന്നത്. പള്ളിയുടെ സമീപത്തുള്ളവർ ഇത് വന്നു വാങ്ങാറുണ്ട്.
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നോന്പുതുറ വിഭവങ്ങൾ ഒരുക്കുന്നത്. പള്ളി പരിപാലന സമിതിയുടെ അംഗങ്ങളും വാളണ്ടിയർമാരും ചേർന്ന് വിതരണം ചെയ്യും. പള്ളി വളപ്പിൽ പ്രത്യേകം തയാർ ചെയ്ത പന്തലിൽ വെച്ചാണ് വിതരണവും മറ്റും. പ്രത്യേകതരത്തിലുള്ള സ്റ്റീൽ പാത്രത്തിലാണ് ഉലുവാക്കഞ്ഞി വിളമ്പി നൽകുക.