റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗായകനും നടനുമാണ് എൽവിസ് പ്രെസ്ലി. ലോകമെമ്പാടും ആരാധകരുള്ള ഈ വിഖ്യാത ഗായകൻ മൺമറഞ്ഞിട്ട് 47 വർഷം പിന്നിട്ടിരിക്കുന്നു. പ്രെസ്ലി ഉപയോഗിച്ചിരുന്ന ഒരു ഷൂസ് കഴിഞ്ഞദിവസം ലേലത്തിനു വച്ചു. ഷൂസ് വിറ്റുപോയത് 1,52,000 യുഎസ് ഡോളറിന് (1,26,94,462 രൂപ).
ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേലശാലയിലായിരുന്നു നൂറുകണക്കിനാളുകൾ പങ്കെടുത്ത ലേലം നടന്നത്. 1950കളിൽ സ്റ്റേജിലും പുറത്തും ധരിച്ചിരുന്ന നീല സ്വീഡ് ഷൂസ് ആണ് ലേലത്തിൽപോയത്.
“ദി സ്റ്റീവ് അലൻ ഷോ’യിലെ “ഹൗണ്ട് ഡോഗ്”, “ഐ വാണ്ട് യു, ഐ നീഡ് യു, ഐ ലവ് യു’ എന്നീ ഗാനങ്ങളുടെ സ്റ്റേജ് പ്രകടനത്തിനിടെ പ്രെസ് ലി ധരിച്ചിരുന്നതാണ് ഈ ഷൂസാണ്. പിന്നീട്, യുഎസ് സൈന്യത്തിൽ ചേരുന്നതിനുമുന്പ് ഒരു നൈറ്റ് പാർട്ടിക്കിടെ ഈ ഷൂസ് തന്റെ പ്രിയപ്പെട്ട സുഹൃത്ത് അലൻ ഫോർട്ടാസിന് സമ്മാനിച്ചു. അദ്ദേഹത്തിന്റെ കൈവശമിരിക്കെയാണു ഷൂസ് ലേലത്തിൽ വിറ്റത്.
ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരികവ്യക്തിത്വങ്ങളിൽ പ്രധാനപ്പെട്ട ഒരാളായി എൽവിസ് പ്രെസ്ലിയെ ലോകം വിലയിരുത്തുന്നു.
14 തവണ ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രെസ്ലി മൂന്നു തവണ അവാർഡ് കരസ്ഥമാക്കി. ഗാനങ്ങളുടെ വിൽപ്പനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിംഗുകളുടെ കാര്യത്തിലുമെല്ലാം നിരവധി റിക്കാർഡുകൾ പ്രെസ്ലിയുടെ പേരിലുണ്ട്.