ലഹരിപാർട്ടിയിൽ പാമ്പിൻവിഷം വിതരണം ചെയ്തെന്ന കേസിൽ പ്രമുഖ യുട്യൂബറും ബിഗ് ബോസ് വിജയിയുമായ എൽവിഷ് യാദവിനെ (26) നോയിഡ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞവർഷം നവംബർ മൂന്നിന് നോയിഡ സെക്ടര്‍ 51ലെ ഒരു ഹോട്ടലില്‍ നടന്ന ഒരു പാർട്ടിയിൽ പാമ്പിൻ വിഷം എത്തിച്ചതിന് എല്വിഷടക്കം ആറുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. അതിന്റെ തുടർച്ചയായാണ് അറസ്റ്റ്.
ബിജെപി എംപി മേനകാഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നടത്തിയ ഒളിക്കാമറ ഓപ്പറേഷനിലാണ് റേവ് പാര്‍ട്ടിയില്‍ പാമ്പിന് വിഷം വിതരണം ചെയ്യുന്നത് കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ റെയ്ഡില്‍ പാമ്പിന് വിഷം പിടികൂടി. അഞ്ച് മൂര്‍ഖന്‍ പാമ്പടക്കം ഒന്‍പത് പാമ്പുകളെയും പിടികൂടിയിരുന്നു.
വിദേശ വിനോദ സഞ്ചാരികളെ ക്ഷണിച്ച് അവര്‍ക്ക് പാമ്പിന് വിഷം ലഹരിയായി കൊടുക്കുന്നതായിരുന്നു രീതി. സംഭവസ്ഥലത്ത് താൻ ഇല്ലായിരുന്നെന്നും കേസുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു എൽവിഷിന്റെ നിലപാട്. എന്നാൽ, രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയശേഷം എല്‍വിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.