ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുകയാണ്. എ.എന്‍. രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും പിന്നിട്ട് മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമയില്‍ എത്തി നില്ക്കുന്നു നിരാഹരം. ബിജെപിയുടെ നിരാഹാരത്തിന് പിന്തുണയുമായെത്തി ആദ്യം മുസ്ലീം ലീഗ് നേതാവ് പുലിവാലു പിടിച്ചെങ്കില്‍ ഇപ്പോള്‍ പണികിട്ടിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഇഎം അഗസ്തിക്കാണ്.
ഇടുക്കിയിലെ ഐഗ്രൂപ്പിന്റെ പ്രമുഖ നേതാവായ അഗസ്തി കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി രമയെ സന്ദര്‍ശിച്ചതും ഫോട്ടോയെടുത്തതും വലിയ വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് അഗസ്തി സമരപ്പന്തലില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് തന്നെയാണ് ഇത്തരത്തില്‍ സംഭവം വിവാദമാകാന്‍ കാരണം. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് മത്സരിക്കാന്‍ അഗസ്തി ഒരു കൈനോക്കുന്നുണ്ട്. ഇതറിഞ്ഞ എ ഗ്രൂപ്പ് ആ നീക്കം പൊളിക്കാനാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നാണ് മറുവിഭാഗം വാദിക്കുന്നത്.