ഇന്റര്‍നെറ്റില്‍ ലഭ്യമായ ഫീച്ചറുകളില്‍, ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ഇമെയില്‍. എന്നാല്‍ ഇമെയില്‍ കണ്ടുപിടിച്ചതാരാണ് എന്ന് എത്രപേര്‍ക്കറിയാം. ഈ കണ്ടുപിടുത്തത്തിലേയ്ക്ക് ഇയാളെ നയിച്ചതെന്താണ്? ഇതിനേക്കാളൊക്കെ ഉപരിയായി ഇമെയില്‍ കണ്ടുപിടിച്ചയാള്‍ക്ക് ഇന്ത്യയുമായുള്ള ബന്ധമെന്താണെന്ന് എത്രപേര്‍ക്കറിയാം? തന്റെ ഏഴാം വയസില്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയ ശിവാ അയ്യാദുരൈ എന്ന ഇന്ത്യക്കാരനാണ് ഇമെയില്‍ കണ്ടുപിടിച്ചത്. കത്തുകള്‍ക്കും കാര്‍ഡുകള്‍ക്കും പകരമായി നാമിന്ന് വളരെ ഈസിയായി കൈകാര്യം ചെയ്ത് വരുന്ന ഇമെയില്‍ എന്ന സോഫ്റ്റ്‌വെയര്‍ ഇദ്ദേഹം വികസിപ്പിച്ചെടുത്തത് തന്റെ പതിനാലാമത്തെ വയസിലാണെന്നതാണ് അതിശയകരമായ കാര്യം. 1978 ല്‍ ഈ ബാലന്‍ തന്റെ കണ്ടുപിടുത്തം നടത്തുമ്പോള്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് പേറ്റന്റോ കോപ്പിറൈറ്റോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് 1980ല്‍ യുഎസ് ഗവണ്‍മെന്റ് സമര്‍പ്പിച്ച ഒരു അമന്‍ഡ്‌മെന്റിന്‍ പ്രകാരമാണ് സോഫറ്റ്‌വെയറുകള്‍ക്ക് കോപ്പിറൈറ്റ് ലഭിച്ചത്.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരിക്കെ ഈ വിഷയത്തിലുള്ള ശിവയുടെ താത്പര്യവും ഗ്രാഹ്യവും കണ്ട് ഒരു കുടുംബ സുഹൃത്താണ് ശിവയെ ന്യൂജഴ്‌സിയിലെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്‍ഡിസ്ട്രിയിലെ ഡോ. ലെസ്‌ലി പി മൈക്കിള്‍സണിന് പരിചയപ്പെടുത്തിയത്. ആ യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ലബോറട്ടറിയിലെ ഡയറക്ടറായിരുന്നു ഡോ. ലെസ്‌ലി. അങ്ങനെ ശിവയെ അവര്‍ അവിടെ ഗവേഷക വിദ്യാര്‍ത്ഥിയായി തെരഞ്ഞെടുക്കുകയും നിലവിലുണ്ടായിരുന്ന, കടലാസില്‍ അധിഷ്ഠിതമായിരുന്ന കത്തുകളെ ഇലക്ട്രോണിക് മോഡിലേയ്ക്കാക്കാനുള്ള അസൈന്‍മെന്റ് ശിവയ്ക്ക് നല്‍കി. ആ അസൈന്‍മെന്റിന്‍ പ്രകാരമാണ് ശിവ ഈമെയില്‍ ഡിസൈന്‍ ചെയ്ത് വികസിപ്പിച്ചെടുത്തത്.
എന്നാല്‍ ഇന്റര്‍നെറ്റ് ലോകം വലിയ അത്ഭുതത്തോടെയാണ് താനാണ് ഈമെയില്‍ കണ്ടുപിടിച്ചതെന്ന ശിവയുടെ അവകാശവാദത്തെ കണ്ടത്. ഒരു സുപ്രഭാതത്തില്‍ പെട്ടൊന്നൊരാള്‍ വന്ന് ഒരു സോഫ്റ്റ്‌വെയറിന്റെയും പകര്‍പ്പവകാശത്തിന്റെയും മാത്രം ബലത്തില്‍ ഈമെയില്‍ പോലൊരു സാങ്കേതിക വിദ്യയുടെ പിതൃത്വം അവകാശപ്പെടുക എന്നത് ആര്‍ക്കും അംഗീകരിക്കാനായില്ല. പ്രമുഖ മാധ്യമങ്ങളും സാങ്കേതിക വിദഗ്ധരും ഈ വിഷയം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ ഇദ്ദേഹം നടത്തിയ പ്രഭാഷണപരമ്പരകളും മാധ്യമശ്രദ്ധ നേടിക്കൊടുത്തു. ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് പുസ്തകം വരെ എഴുതിയിട്ടുള്ള അയ്യാദുരൈ സൈബര്‍ലോകത്തെ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് താനാണ് ഇമെയിലിന്റെ പിതാവ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമം തുടര്‍ന്നുപോരുകയും ചെയ്യുന്നു. ലോകം അത് അംഗീകരിക്കുന്നുണ്ട്. പക്ഷേ ഇലക്ട്രോണിക് മെയിലിന്റെ പിതാവായല്ല, ഇമെയില്‍ എന്ന സോഫ്റ്റ്‌വെയറിന്റെ പിതാവായി.