തട്ടിപ്പുകള് ഏതുവഴി വരുമെന്ന് പറയാനാവാത്ത കാലഘട്ടമാണിത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യമാണെങ്കില് പറയുകയും വേണ്ട. ജിമെയിലുകള് തോറും ഹാക്കിങ്, ഫിഷിംങ്ങ് എന്നിവ പടരുകയാണ്. സുഹൃത്തുക്കളുടെ മെയിലുകളില് നിന്നും സന്ദേശങ്ങള് ലഭിക്കുന്നതാണ് ആദ്യപടി. ഇതില് മിക്കവാറും ഡോക്യുമെന്റ് ഫയലുകള് കാണും. യഥാര്ഥത്തില് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളും മറ്റു വിലപ്പെട്ട വിവരങ്ങളും അടിച്ചുമാറ്റാനായി ഹാക്കര്മാര് ഉപയോഗിക്കുന്ന വഴിയാണിത്. സുഹൃത്ത് അയച്ചത് എന്ന രീതിയില് മെയിലില് ലഭിക്കുന്ന ലിങ്കോ ഡോക്യുമെന്റ് ഫയലോ തുറന്നാല് പിന്നെ ആ അക്കൗണ്ടിന്റെ കാര്യം കഷ്ടത്തിലായതുതന്നെ. ഇങ്ങനെയുള്ള ലിങ്കുകള് വന്നാല് പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇത്തരം ലിങ്കുകള് തുറക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അപരിചിതരില് നിന്ന് വരുന്ന അനാവശ്യ മെയിലുകള് പരമാവധി തുറക്കാതിരിക്കുക. ഇനി അറിയുന്ന ആളുകളില് നിന്നാണ് ഇത് ലഭിക്കുന്നതെങ്കില് ശരിക്കും അവര് തന്നെയാണ് അയച്ചതെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ തുറക്കാന് പാടുള്ളു. നിലവില് ഇത്തരം പ്രശ്നങ്ങള് ജിമെയിലില് നിലനില്ക്കുന്ന സാഹചര്യത്തില് ഫയലുകള് ഷെയര് ചെയ്യുന്നത് മറ്റേതെങ്കിലും മാര്ഗത്തിലൂടെയാവുന്നതാണ് ഏറ്റവും നല്ലത്. ഇത്തരം ലിങ്കുകളില് അറിയാതെ ക്ലിക്ക് ചെയ്തു പോയാല് പരിഭ്രമിക്കേണ്ട. പരിഹാരമുണ്ട്. ഗൂഗിള് മൈ അക്കൗണ്ട് പേജില് പോയി ആപ്പ് പെര്മിഷന്സ് എന്ന ഓപ്ഷന് എടുക്കുക. അപകടകരം എന്ന് തോന്നുന്ന മെയിലുകള്ക്കുള്ള പെര്മിഷന് റദ്ദു ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാല് ഇത്തരം മെയിലുകളില് നിന്നും വരുന്ന നിയന്ത്രണങ്ങള് പൂര്ണമായും തടയപ്പെടും. പുതുതായി ഇന്വൈറ്റുകള് അയക്കാനോ ഇമെയിലുകള് അയക്കാനോ ഒന്നും പിന്നീട് ഇവര്ക്ക് സാധിക്കില്ല. യൂണിവേഴ്സിറ്റികള്, വന്കിട സ്ഥാപനങ്ങള്, ബാങ്കുകള് എന്നിവടങ്ങളിലാണ് കൂടുതലായും ഇത്തരത്തിലുള്ള ഫേയ്ക്ക് ഇമെയിലുകള് ലഭിക്കന്നത്.