മോസ്കോ: ലോകകപ്പ് ചരിത്രത്തിൽ പെലെയ്ക്കൊപ്പം തോൾചേർന്ന് ഫ്രാൻസിന്റെ പത്തൊന്പതുകാരൻ സൂപ്പർ താരം കൈലിയൻ എംബാപ്പെ.പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ ഇരട്ട ഗോൾ നേടിക്കൊണ്ട് ഒരു മത്സരത്തിൽ രണ്ട് ഗോൾ നേടുന്ന കൗമാര താരമെന്ന റിക്കാർഡിൽ പെലെയ്ക്കൊപ്പമെത്തിയ എംബാപ്പെ, ക്രൊയേഷ്യക്കെതിരായ ഫൈനലിലും ലക്ഷ്യംകണ്ടു.
അതോടെ മറ്റൊരു വിശേഷത്തിലും ഫ്രഞ്ച് താരം പെലെയുടെ ഒപ്പമെത്തി. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത് താരമെന്ന റിക്കാർഡായിരുന്നു അത്.
1958 ലോകകപ്പ് ഫൈനലിലാണ് പെലെ ഇരട്ട ഗോൾ നേടിയത്. അന്ന് ഗോൾ നേടുന്പോൾ പതിനേഴു വയസായിരുന്നു പെലെയുടെ പ്രായം. ഇതിഹാസ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ബാക്കിയാക്കിയ റിക്കാർഡാണ് എംബാപ്പെ സ്വന്തം പേരിൽ എഴുതിയത്.