ഇന്നലെ ലോക ഭിന്ന ശേഷി ദിനമായിരുന്നു. ആ ദിവസം മിക്കവരുടെയും കണ്ണും മനസും നിറച്ചൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു കുഞ്ഞിന് കൃത്രിമ കൈ പിടിപ്പിക്കുന്നതാണ് വീഡിയോയില്‍.
ഒരു വീല്‍ചെയറിലിരിക്കുന്ന കുട്ടിക്ക് ഇടതുകൈയ്യുടെ കൈപ്പത്തിയുടെ ഭാഗമാണ് ഇല്ലാത്തത്. ഏറെ കൗതുകവും കുസൃതിയും നിറഞ്ഞ മുഖത്തോടെ ഇരിക്കുകയാണ് കുഞ്ഞ്.
കൃത്രിമ കൈ പിടിപ്പിക്കാന്‍ ഡോക്ടര്‍ എത്തുമ്പോള്‍ മുതല്‍ മനോഹരമായ ഒരു ചിരി അവന്റെ മുഖത്ത് വിരിയുന്നുണ്ട്.
എല്ലാ കാര്യങ്ങളും കൗതുകത്തോടെയും ചിരിയോടെയും വീക്ഷിക്കുന്ന കുഞ്ഞ് ഇടയ്ക്കിടയ്ക്ക് ചുറ്റും നില്‍ക്കുന്നവരെയും നോക്കി ചിരിക്കുന്നുണ്ട്.
മനോഹരമായ ആ ചിരിയാണ് മനസ് നിറയ്ക്കുന്നതും. കൈ പിടിപ്പിച്ചു കഴിഞ്ഞതിനുശേഷം വലതു കൈകൊണ്ട് പതിയെ പുതിയതായി പിടിപ്പിച്ച ഇടതു കൈ പതിയെ അവന് തൊട്ടു നോക്കുന്നുമുണ്ട്.
ഈ നിഷ്കളങ്കമായ ചിരി ലോകം ഏറ്റെടുത്ത് കഴിഞ്ഞു. രണ്ട് ദശലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.