ഫ്ലോറിഡ: അത്യാഹിതങ്ങൾ വല്ലതും സംഭവിച്ചാൽ സഹായം തേടി വിളിക്കാനുള്ളതാണ് പോലീസിന്റെ എമർജൻസി നമ്പർ. കഴിഞ്ഞദിവസം ഫ്ലോറിഡയിൽ ഒരു പോലീസ് സ്റ്റേഷനിലെ എമർജൻസി നമ്പറായ 911 ലേക്ക് കോൾ വന്നു. ഒട്ടും വൈകാതെ ഒരു പോലീസ് ഓഫീസർ ലൊക്കേഷനിൽ പാഞ്ഞെത്തി.
ഒരു വീട്ടിൽനിന്നാണ് വിളി വന്നത്. പോലീസ് ഓഫീസർ വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചപ്പോൾ വീട്ടമ്മ പുറത്തേക്കു വന്നു. പോലീസുകാരനെ കണ്ട് അന്തം വിട്ട അവർ കാര്യം തിരക്കി. 911ലേക്ക് ഒരു കോൾ വന്നുവെന്നും അതിനാലാണ് എത്തിയതെന്നും ഓഫീസർ പറഞ്ഞു. താൻ വിളിച്ചിട്ടില്ലെന്നും മകനോട് ചോദിച്ച് നോക്കട്ടെ എന്നും പറഞ്ഞ് തന്റെ ചെറിയ മകനെ വിളിച്ചുവരുത്തി. വിളിച്ചത് താനാണെന്ന് അപ്പോൾതന്നെ അവൻ സമ്മതിച്ചു.
എന്തിനാണ് വിളിച്ചതെന്ന ചോദ്യത്തിന് തനിക്ക് പോലീസ് ഓഫീസറെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അവന്റെ മറുപടി. ഇതുകേട്ട ഓഫീസർ പൊട്ടിച്ചിരിച്ചുകൊണ്ട് കുട്ടിയെ കെട്ടിപ്പിടിച്ചു.
എമർജൻസി നമ്പറിന്റെ ഉപയോഗത്തെക്കുറിച്ചു കുട്ടിക്കു വിശദമായി പറഞ്ഞുകൊടുത്തശേഷം അദ്ദേഹം മടങ്ങുകയുംചെയ്തു. ഇതിന്റെ വീഡിയോ പോലീസ് തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അനേകം പേരുടെ ശ്രദ്ധയാകർഷിച്ച വീഡിയോയായി അതു മാറി.