തിരുവനന്തപുരം: എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴിൽവിസയിൽ പോകുന്ന എമിഗ്രേഷൻ പരിശോധന ആവശ്യമില്ലാത്ത ഇസിഎൻആർ പാസ്പോർട്ട് ഉടമകൾക്ക് ജനുവരി ഒന്നു മുതൽ എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ലെബനൻ, ലിബിയ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സുഡാൻ, സൗത്ത് സുഡാൻ, സിറിയ, തായ്ലൻഡ്, യുഎഇ, യെമൻ എന്നീ രാജ്യങ്ങളിലേക്കാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കഴിഞ്ഞ ഡിസംബറിൽ പ്രാബല്യത്തിൽ വന്ന നിബന്ധന ജനുവരി ഒന്നുമുതൽ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.
ഈ രാജ്യങ്ങളിൽ തൊഴിൽവിസയിൽ നിലവിൽ ജോലി ചെയ്യുന്ന ഇതുവരെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലാത്തവർ നാട്ടിൽവന്ന് മടങ്ങുന്നതിനുമുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂർ മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. ഇതിനായി www.emigrate.gov.in സന്ദർശിക്കണം.
അപേക്ഷകന്റെ വ്യക്തിപരമായ വിവരങ്ങൾ, തൊഴിലുടമയുടെ വിവരങ്ങൾ, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം എന്നിവ നൽകണം. കൂടുതൽ വിവരങ്ങൾ പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ 1800 11 3090 എന്ന നമ്പറിൽ ലഭിക്കും. ഇ-മെയിൽ വിലാസം: [email protected].