നിനക്ക് ഈ വീടൊന്നു വൃത്തിയാക്കിയിട്ടൂടെ. നിനക്ക് എന്താ ഇവിടെ പണി. ഇതെന്തെ എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നത്.
പൊതുവേ സ്ത്രീകള്‍ കേള്‍ക്കുന്നതാണ് ഈ ചോദ്യങ്ങളൊക്കെ. എമി ജാക്സണ് എന്ന വീട്ടമ്മയ്ക്ക് ഇതിനെക്കുറിച്ചു ചിലതു പറയാനുണ്ട്.
ട്രോളിന് പരിധിയുണ്ട്
മൂന്നു പെണ്മക്കളാണ് എമിക്ക്. എമി തന്റെ ടിക്ടോക് അക്കൗണ്ടില്‍ കളിപ്പാട്ടങ്ങള്‍ നിരന്നുകിടക്കുന്ന തറയും കഴുകാത്ത പാത്രങ്ങളും കൂട്ടിയിട്ടിരിക്കുന്ന അലക്കാത്ത തുണികളുമൊക്കെയായി ആകെ അലങ്കോലമായി കിടക്കുന്ന വീടിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
പക്ഷേ, അത് കാണുമ്പോഴേക്കും എമിയെ ട്രോളാനും പരിഹസിക്കാനുമായി പലരുമെത്തും.
വൃത്തിയില്ലാത്ത അമ്മ, ഇവള്‍ക്കു കുട്ടികള്‍ ഇല്ലാതിരിക്കുന്നതായിരുന്നു നല്ലത്, വീടു കണ്ടിട്ട് അറപ്പ് തോന്നുന്നു… ഇങ്ങനെ പോകുന്നു എമിക്കെതിരെയുള്ള ആളുകളുടെ പ്രതികരണങ്ങളും ട്രോളുകളും.
കഷ്ടപ്പാടാണ്
എന്നാല്‍ ഒരിക്കലും അവസാനിക്കാത്ത ജോലികള്‍ ഉള്ളയിടമാണ് വീട്. അതു വൃത്തിയും വെടിപ്പുമായി എപ്പോഴും സൂക്ഷിക്കുക എന്നത് അല്‍പ്പം ശ്രമകരമാണെന്നാണ് എമി പറയുന്നത്.
മൂന്നു പെണ്മക്കളുടെ കാര്യങ്ങള്‍, വീട്ടിലെ ജോലികള്‍ ഞാന്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നുള്ളതാണ് എന്റെ ഓരോ ടികിടോക് വീഡിയോയിലും കാണുന്നത്.
അതിനെ ഇത്രയധികം വിമര്‍ശിക്കേണ്ട കാര്യമില്ലെന്നാണ് എമി പറയുന്നത്. ഈ പരിഹാസങ്ങള്‍ക്കെല്ലാം മറുപടിയായി എമി മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്ത്രീയാണോ ജോലി ചെയ്യണം
ചിലപ്പോള്‍ ഭക്ഷണം പാചകം ചെയ്യാനോ വീട് വൃത്തിയാക്കാനോ സമയം കിട്ടിയെന്നു വരില്ല. അപ്പോള്‍ ഞാന്‍ കുട്ടികള്‍ക്കു പുറത്തുനിന്നു ഭക്ഷണം വാങ്ങി നല്‍കും.
ചിലര്‍ക്കു വീട്ടു ജോലികള്‍ ആസ്വദിച്ച് ചെയ്യാന്‍ ഇഷ്ടമായിരിക്കും. എന്നാല്‍, ചിലര്‍ക്ക് അതിനു താല്പര്യമുണ്ടാകില്ല. പക്ഷേ, പലരും മറ്റുള്ളവര്‍ എന്തു പറയും എന്ന ചിന്തയിലാണ് വീട്ടുജോലികളെല്ലാം ചെയ്യുന്നത്.
കാരണം അവരെ ചെറുപ്പം മുതലെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതു നീ വീട്ടുജോലികള്‍ ചെയ്യേണ്ടവളാണെന്നാണ്. അവളാണ് യഥാര്‍ഥ സ്ത്രീയെന്നാണ്.
മോശം അമ്മയല്ല
അടുക്കും ചിട്ടയുമില്ലാത്ത വീട് ഒരു മോശം അമ്മയുള്ള വീടാണെന്ന് ചിന്തിക്കരുത്. വീടിന്റെ വൃത്തിക്കനുസരിച്ചല്ല ഒരു അമ്മയെ അളക്കേണ്ടത്.
ആ വീട്ടിലുള്ളവര്‍ സന്തുഷ്ടരാണെങ്കില്‍ അവിടെയുള്ളത് ഒരു നല്ല അമ്മയാണ്. അവര്‍ വിജയിച്ച ഒരമ്മയാകുന്നുവെന്നാണ് എമിയുടെ അഭിപ്രായം.