ഒരു അനിയനോ അനിയത്തിയോ ഉണ്ടെങ്കില്‍ ചേച്ചിമാര് അവര്‍ക്ക് അമ്മമാരാകുമല്ലേ.എമിലിയും അനിയന് പീറ്ററും തമ്മിലുള്ള ബന്ധത്തെ അങ്ങനെയൊന്നും വിശേഷിപ്പിച്ചാല്‍ പോര.കാരണം അവര്‍ തമ്മിലുള്ള സ്നേഹവും കരുതലും അത്രത്തോളമാണ്.
കാണാതിരിക്കാനാവില്ല
എമിലിക്കൊപ്പമായിരുന്നു സദാ സമയവും പീറ്റര്‍. അവന് ഉറങ്ങിയിരുന്നതും ഉണര്‍ന്നിരുന്നതും ഭക്ഷണം കഴിച്ചിരുന്നതുമൊക്കെ എമിലിക്കൊപ്പമായിരുന്നു.
എമിലി അവളുടെ കൂട്ടുകാരിയുടെ വീട്ടിലെങ്ങാനും പോയാല്‍ ആഴ്ച്ചകളായി അവളെ കാണാത്തതുപോലെയാണ് അവന് വീടിന്റെ മുന്നില്‍ എമിലിക്കായി കാത്തിരുന്നിരുന്നത്.
സ്കൂള്‍ അവധിക്കാലമായിരുന്നു അവന് ഏറ്റവും ഇഷ്ടം കാരണം അവള് എപ്പോഴും അവനൊപ്പം കാണുമല്ലോ. എന്നാല്‍ സ്കൂള്‍ തുറന്നാല്‍ അവന് ആകെ സങ്കടമാകും.കാരണം അവന്റെ ചേച്ചി അവനൊപ്പം കാണില്ലല്ലോ.
പക്ഷേ, കുഞ്ഞു പീറ്റര്പോയി
ഇരുവരും തമ്മിലുള്ള സനേഹത്തിനും പരസ്പരമുള്ള കൂട്ടിനും അധികം ആയുസുണ്ടായിരുന്നില്ല.കുഞ്ഞു പീറ്ററിന് ലുകോഡിസ്ട്രോഫി എന്ന അപൂര്‍വ അസുഖം പിടിപെട്ടു.
തലച്ചോറിനെയും നാഡീവ്യൂഹത്തെയുമാണ് ഈ അസുഖം ബാധിച്ചിരുന്നത്. അവന് നാല് മാസമുള്ളപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.
കുറെ ആശുപത്രികള്‍ കയറിയിറങ്ങി. പക്ഷേ, ഏറെ നാള് പീറ്ററിനെ ചികിത്സിച്ചു. പക്ഷേ, അവന് അവന്റെ ഒമ്പതാം വയസില്‍ പ്രിയപ്പെട്ട ചേച്ചിയെ വിട്ടു പോയി. ആശുപത്രിക്കിടക്കയിലും ഇരുവരും ഒരുമിച്ചായിരുന്നു ഉറങ്ങിയിരുന്നത്. അവന് ഭക്ഷണം വാരി നല്കിയിരുന്നതും അവന്റെ കാര്യങ്ങളൊക്കെ ചെയ്തിരുന്നതും എമിലിയായിരുന്നു.
എമിലി തളര്‍ന്നില്ല
തന്റെ കുഞ്ഞനിയന് പോയെങ്കിലും എമിലി തളര്‍ന്നില്ല.അവള് കുഞ്ഞനിയനു വേണ്ടിയും അതുപോലെ ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും അവള് അവളെക്കൊണ്ടാകുന്ന ഒരു പ്രവൃത്തിയുമായി മുന്നിട്ടറങ്ങി.
ഇത്തരം രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി തന്നാലാകുംവിധം സാമ്പത്തിക സഹായം ചെയ്യുകയാണ് അവള്.ആദ്യം അവള് വളകള്‍ വിറ്റാണ് 100 പൗണ്ട് ചാരിറ്റിക്കായി നൽയത്.
ഇപ്പോള്‍ അവള് ടൈയ് ഫാന്‍ എന്ന സംഘടനയ്ക്കൊപ്പം ചേര്‍ന്ന് മൈലുകളോളം നടന്നാണ് ഫണ്ട് ശേഖരിക്കുന്നത്. നേരത്തെ ഈ സംഘടനയ്ക്ക് കുട്ടികളെ ഫണ്ട് ശേഖരണത്തിനായി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഈ അടുത്ത് ഈ നിയന്ത്രണങ്ങള്‍ വെട്ടിക്കുറച്ചിരുന്നു ഇതോടെ ഏറെ സന്തോഷത്തിലാണ് എമിലി. തന്റെ ദൗത്യത്തിനായി എത്ര ദൂരം നടക്കാനും എമിലിക്ക് മടിയില്ല. അവളുടെ ഉദ്യമത്തിന് പൂര്‍ണ പിന്തുണയുമായി എമിലിയുടെ മാതാപിതാക്കളുമുണ്ട്.