മംഗലം ശങ്കരന്കുട്ടി
ഷൊർണൂർ: ജലാശയങ്ങളിൽ അത്ഭുതം തീർത്ത് മൂന്നു വയസുകാരൻ. കാഴ്ചക്കാർക്കിവൻ പുലിയല്ല കേട്ടാ… ഒരു ഒന്നൊന്നര സിംഹം…!
മുതിർന്നവർക്കുപോലും അജ്ഞാതമായ ജലപാഠങ്ങളുടെ മർമം ചെറുബാല്യത്തിൽതന്നെ കീഴടക്കിയ ഈ അത്ഭുത ബാലനു വെള്ളം “പുല്ലാണ്’.
ഇതു ഷൊർണൂർ പടിഞ്ഞാറേതിൽ ജുമാനയുടേയും സലീം അബ്ദുള്ളയുടേയും മകൻ എമിൻ അബ്ദുള്ള. എത്ര ആഴം കൂടിയ ജലാശയങ്ങളും എമിൻ സധൈര്യം നീന്തിക്കയറും.
എത്ര വെള്ളമുണ്ടങ്കിലും അതൊന്നും എമിനു നീന്താനൊരു തടസമല്ല. വെള്ളത്തിൽ കമിഴ്ന്നും മലർന്നും ചെരിഞ്ഞും ഒരു മത്സ്യത്തിന്റെ മെയ്വഴക്കത്തോടെ മുങ്ങാംകുഴിയിട്ടും എമിൻ നീന്തുന്നത് കാഴ്ചക്കാർക്ക് അത്ഭുതത്തോടും അതിലേറെ ഭയത്തോടുകൂടിയുമല്ലാതെ കണ്ടുനിൽക്കാനാവില്ല.
എട്ടുമാസം പ്രായമുള്ളപ്പോഴാണ് വെള്ളത്തോടുള്ള കുട്ടിയുടെ പ്രത്യേക കന്പം വീട്ടുകാർ തിരിച്ചറിഞ്ഞത്. രണ്ടരവയസിൽതന്നെ ബീച്ചിലും കുളത്തിലുമൊക്കെ കുട്ടി നീന്താൻ തുടങ്ങി.
ഖത്തറിലായിരുന്ന കുടുംബം കോവിഡ് പ്രശ്നത്തെതുടർന്നാണ് നാട്ടിലെത്തിയത്. ഷൊർണൂരിൽ നീന്തൽ വിദഗ്ധൻ രാമകൃഷ്ണന്റെ മുന്നിലെത്തിച്ച് എമിൻ അബ്ദുള്ളയുടെ നീന്താനുള്ള അസാധാരണ കഴിവ് വീട്ടുകാർ പരീക്ഷിച്ചു.
കുളപ്പുള്ളി അന്തിമഹാകാളൻചിറയിൽ കുഞ്ഞ് എമിൻ നീന്തിത്തുടിക്കുന്ന കാഴ്ചകണ്ട് രാമകൃഷ്ണനും ഞെട്ടി.
ഒരേക്കർ വിസ്തൃതിയിൽ ആഴവും പരപ്പുമുള്ളതാണ് അന്തിമഹാകാളൻചിറ. ചിറയിൽ മലർന്നു നീന്തിയും വെള്ളച്ചവിട്ടിൽനിന്നും എമിൻ അത്ഭുതങ്ങൾ കാട്ടി. ഏറെനേരം നീന്താൻ കഴിയുന്നുവെന്നതും എമിന്റെ പ്രത്യേകതയാണ്.
ചിറയിൽ നീന്താൻ മുതിർന്നവർപോലും ഭയപ്പെടുന്പോഴാണ് ഒട്ടും ഭയമില്ലാതെ എമിൻ ആഴങ്ങളെയും ദൂരത്തെയും കീഴടക്കുന്നത്.
രാമകൃഷ്ണൻ കുട്ടിയെ നീന്താനായി ചിറയിലേക്കു തൂക്കിയിടുന്നതും കുട്ടി മലർന്നുനീന്തി ജലാശയത്തിൽ വിസ്മയം സൃഷ്ടിക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ശ്വാസനിയന്ത്രണത്തോടെ ഏറെ നേരം ജലാശയങ്ങളിൽ നീന്താൻ കുട്ടിക്കുള്ള പ്രത്യേക കഴിവ് ബോധ്യപ്പെട്ടതായി രാമകൃഷ്ണൻ പറഞ്ഞു.
കൈകാലുകൾ നന്നായി ഉപയോഗിക്കാനും അറിയുന്നു. ക്ഷീണം ബാധിക്കാതെ മലർന്നുനീന്തി ജലാശയത്തിൽ കഴിയാനും കുഞ്ഞിനു പ്രത്യേക കഴിവുണ്ട്.
നീന്തൽ അറിയാത്തതിന്റെ പേരിൽ ജലാശയങ്ങളുടെ ആഴങ്ങളിൽ പൊലിഞ്ഞുതീരുന്ന പുതുതലമുറയ്ക്കും പഴമക്കാർക്കും ഈ കുരുന്നുബാലൻ നീന്തൽ അഭ്യസിക്കുന്നതിന് പ്രചോദനമായി തീരുമെന്ന് നീന്തൽ വിദഗ്ധനായ ഷൊർണൂർ രാമകൃഷ്ണൻ പറഞ്ഞു.