കോവിഡ് പ്രതിസന്ധിയില് ജോലിനഷ്ടമായി നാട്ടിലേക്കുള്ള വിമാനത്തിന് കാത്തിരിക്കുന്ന പ്രവാസികള്ക്കു മുമ്പില് ഇനിയെന്ത് എന്ന ചോദ്യമാണുയരുന്നത്.
സാധാരണഗതിയില് ഗള്ഫില് നിന്നു വരുമ്പോള് വീട്ടുകാര്ക്കാര്ക്കും നാട്ടുകാര്ക്കുമായി നിറച്ച പെട്ടികളുമായാണ് പ്രവാസികളില് ഒരു വലിയ പങ്കും എത്തുന്നത്.
എന്നാല് ഈ ദുര്ഘടഘട്ടത്തില് അത് സാധ്യമല്ലല്ലോ. എന്നാല് വീട്ടിലുള്ള കൊച്ചുകുട്ടികള്ക്ക് ഈ പ്രതിസന്ധിയെപ്പറ്റി അറിവില്ലാത്തതിനാല് അവര് വലിയ സമ്മാനങ്ങള് എപ്പോഴും പ്രതീക്ഷിക്കുന്നു.
ഈ പശ്ചാത്തലത്തില് ജോലി നഷ്ടപ്പെട്ട് ദുബായില് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്ക്ക് സ്നേഹം നിറച്ച ‘പേര്ഷ്യന് പെട്ടി’ സമ്മാനിക്കുകയാണ് ദുബായ് ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന എമിറേറ്റ്സ് കമ്പനീസ് ഹൗസ്.
അവശ്യ വസ്തുക്കളടങ്ങിയ 12 കിലോയുടെ പെട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ട 50 പേര്ക്ക് ആദ്യഘട്ടത്തില് എമിറേറ്റ്സ് കമ്പനീസ് ഹൗസ് നല്കുന്നത്.
ചോക്ലേറ്റ്, ബിസ്കറ്റ്, ബദാം, പിസ്ത, ഈത്തപ്പഴം, നിഡോ, ടാങ്ക്, പെര്ഫ്യൂം, ടോര്ച്ച്, ടാല്കം പൗഡര്, ടൈഗര് ബാം, നഖംവെട്ടി തുടങ്ങിയ 15ലധികം സാധനങ്ങള് പെട്ടിയിലുണ്ട്.