കോഴിക്കോട്: നവ മലയാളി സംരഭകർക്ക് ദുബൈയിൽ സംരഭം തുടങ്ങാൻ മുതൽമുടക്ക് പദ്ധതിയുമായി മലയാളി വ്യവസായി.
ദുബൈയിലെ ഏറ്റവും വലിയ ഗവണ്മെന്റ് സർവീസ് ദാതാക്കളായ “എമിറേറ്റ്സ് കന്പനീസ് ഹൗസ് ‘( ECH) ചെയർമാനും മലയാളിയുമായ ഇഖ്ബാൽ മാർക്കോണിയാണ് ദുബൈ 2020 എക്സ്പോയോടനുബന്ധിച്ച് സാന്പത്തികമില്ലാത്ത മലയാളി സംരഭകരെ നിക്ഷേപം ഇറക്കി സഹായിക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്.
നൂതന ബിസിനസ് ആശയങ്ങൾ കൈവശമുണ്ടായിട്ടും പണമില്ലാതെ കഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ കൂട്ടായ്മ, കോളജ് വിദ്യാർഥി സംഘം, യുവതി യുവാക്കൾ തുടങ്ങിയവർക്ക് സംരഭങ്ങളിൽ മുതൽമുടക്കാൻ തയാറാണെന്ന് ഇഖ്ബാൽ മാർക്കോണി അറിയിച്ചു. ദുബൈ ഇക്കണോമിക് വകുപ്പിന്റെ അംഗീകാരങ്ങൾക്ക് വിധേയമായാണ് പദ്ധതി നടപ്പിലാക്കുക.
മികച്ച ബിസിനസ് ആശയങ്ങൾ കൈവശമുണ്ടായിട്ടും സംരഭങ്ങൾ തുടങ്ങാൻ നിവൃത്തിയില്ലാതെ നിരവധി ചെറുപ്പക്കാർ കഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവാണ് പദ്ധതിക്കുപിന്നിൽ.
നൂതനസംരഭങ്ങൾ ലാഭകരമാകുമോ എന്നത് കന്പനിയുടെ ആറംഗ ഉപദേശകസമിതിയെ ബോധ്യപ്പെടുത്തണം. ഉപദേശകസമിതിയുടെ അംഗീകാരം ലഭിച്ചാൽ ഏതുതരം സംരഭങ്ങൾക്കും ഇസിഎച്ച് മുതൽമുടക്കും.
തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരഭത്തെക്കുറിച്ച് ചെറിയ ആമുഖം, ആ ബിസിനസിലുള്ള ആഭിമുഖ്യം,മുൻ പരിചയം, വിദേശരാജ്യങ്ങളിൽ പ്രവർത്തി പരിചയമുണ്ടെങ്കിൽ അവ, പ്രോജക്ട് റിപ്പോർട്ട് എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ, +971 508863473 എന്ന വാട്സ്ആപ് നന്പറിലോ അപേക്ഷിക്കാമെന്ന് സ്റ്റാർട്ടപ് കൺസൾട്ടന്റ് ഷിഹാബ് ബഷീറും, ഇസിഎച്ച് കോർപറേറ്റ് സെയിൽസ് ടീംലീഡർ കെവിൻ ബാബുവും അറിയിച്ചു.