ദുബായ്: കോവിഡിനു മുന്‍പുള്ള അവസ്ഥയിലേക്ക് വിമാനയാത്രകൾ മടങ്ങിയെത്താൻ മൂന്നു വർഷങ്ങമെങ്കിലുമാകുമെന്ന് വിമാന കന്പനികൾ. മിഡിൽ ഈസ്റ്റിലെ പ്രധാന വിമാനക്കന്പനികളായ എമിറേറ്റ്സും ഇത്തിഹാദ് എയർവെയ്സുമാണ് ഈ ആശങ്ക പങ്കുവച്ചത്. അമേരിക്ക- യുഎഇ ബിസിനസ് കൗണ്‍സിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്കും ഇത്തിഹാദ് ചീഫ് എക്സിക്യൂട്ടീവ് ടോണി ഡഗ്ലസുമായി ബിസിനസ് കൗണ്‍സിൽ നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് ഈ അഭിപ്രായം ഉയർന്നത്.
ലോകത്തെ 85 ശതമാനം എയർലൈനുകളും വൻ പ്രതിസന്ധിയിലാണെന്നും രാജ്യങ്ങളുടെ പിന്തുണയില്ലെങ്കിൽ വർഷാവസാനത്തോടെ പല കന്പനികളും തകരുമെന്നും ഇരു കന്പനികളുടെയും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിസന്ധിക്ക് മുന്‍പുള്ള നിലയിലേക്ക് യാത്രക്കാരുടെ എണ്ണം തിരികെയെത്താൻ 2023 വരെയെങ്കിലുമാകുമെന്ന് ഇരു വിമാന കന്പനികളുടെയും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. എന്നാൽ, എമിറേറ്റ്സും ഇത്തിഹാദും ഇക്കാര്യങ്ങളിൽ ഒൗദ്യോഗികമായി പ്രതികരിച്ചില്ല.
കോവിഡ് പശ്ചാത്തലത്തിൽ എമിറേറ്റ്സും ഇത്തിഹാദും കഴിഞ്ഞ മാസം മുതൽ തന്നെ യാത്രാ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. രണ്ട് കന്പനികളും ഇതിനോടകം ജീവനക്കാരുടെ ശന്പളത്തിൽ കുറവ് വരുത്തിയിട്ടുമുണ്ട്.