എം.പി. ജോസഫിന്റെ കാർ ചെങ്കല്ലിട്ട് തകർത്തു
ചെറുവത്തൂർ: യുഡിഎഫ് ബൂത്ത് ഏജൻറുമാർക്ക് വധഭീഷണി ഉണ്ടായത് അന്വേഷിക്കാനെത്തിയ സ്ഥാനാർഥി എം.പി.ജോസഫിന് നേരെ ആക്രമണം.
ഇന്നലെ രാത്രി ഏഴോടെഅദ്ദേഹം സഞ്ചരിച്ച വാഹനം കാരിയിൽ എഎൽപി സ്കൂൾ പരിസരത്ത് ചെങ്കല്ലിട്ട് തകർത്തു. സ്ഥാനാർഥിയും കൂടെയുണ്ടായിരുന്നവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കാരിയിൽ എഎൽപി സ്കൂൾ ബൂത്തിനടുത്തുവച്ചാണ് ആക്രമണം നടന്നത്. 300 ൽപ്പരം വരുന്ന സിപിഎം പ്രവർത്തകരാണ് തങ്ങളെ വധിക്കാൻ ശ്രമിച്ചതെന്ന് എം.പി.ജോസഫ് പറഞ്ഞു.
കാറിലുണ്ടായിരുന്ന ഡ്രൈവർ രഞ്ജിത്ത്, എബിൻ വിൻസെന്റ്, സോജു എന്നിവർ സ്ഥാനാർഥിയുടെ വാഹനത്തിലുണ്ടായിരുന്നു.
ബൂത്ത് ഏജന്റുമാരായ 95 നമ്പറിലെ വിജയൻ, 96 ലെ ഷുഹൈബ് എന്നിവരെ സിപിഎം പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുമെന്ന വിവരത്തിൽ അവിടെ എത്തിയതായിരുന്നു സ്ഥാനാർഥി.
പോളിംഗ് അവസാനിക്കും വരെ കാത്തു നിന്ന് അതിന്ശേഷം ബൂത്തിലെ ഏജന്റുമാരുമായി പ്രാധാന റോഡിലേക്ക് ഇറങ്ങവെ വാഹനത്തിനടുത്തേക്ക് 300 ൽപ്പരം വരുന്ന സിപിഎം കാർ ഏജന്റുമാരെ മർദിച്ച് ചെങ്കല്ല് എടുത്തിട്ട് വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസും ബോണറ്റും തകർത്തു.
തങ്ങളുടെ ജീവൻ രക്ഷിക്കാൻ അവിടെ നിന്ന് ചന്തേര പോലീസ് സ്റ്റേഷനിലേക്ക് അതേ വാഹനത്തിൽ എത്തുകയായിരുന്നുവെന്ന് സ്ഥാനാർഥി പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യത്തിലാണ് ആക്രമണങ്ങൾ നടത്തിയതെന്നും അദ്ദേഹം പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞു.
യുഡിഎഫ് ഏജന്റിനെ മർദിച്ചു; നായ്ക്കുരുണ പൊടി വിതറി
പിലിക്കോട്: പിലിക്കോട് വയൽ ഗവ.വെൽഫയർ എൽപി സ്കൂൾ യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഎം പ്രവർത്തകർ നായ്ക്കുരുണപൊടി വിതറി മർദിച്ചതായി പരാതി.
116 ബൂത്തിൽ ഏജന്റായിരുന്ന പി.കെ.വിനയകുമാറിനെ (55) ആണ് നായക്കുരുണ പൊടി വിതറി മർദിച്ചത്. വൈകുന്നേരം അഞ്ചോടെ ബൂത്തിന് പുറത്ത് ഇറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്.
ചെറുവത്തൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറും സഹകരണ ജീവനക്കാരുടെ സംഘടനായ കെ.സി.ഇ.എഫിന്റെ സംസ്ഥാന ട്രഷററും കൂടിയാണ്.
മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്ന എം.രാജേഷാണ് ഷർട്ട് വലിച്ച് ശരീരത്തിൽ നായ്ക്കുരുണ പൊടിയിട്ടതെന്ന് വിനയകുമാർ പറഞ്ഞു.
മർദനമേറ്റ വിനയകുമാറിനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുസിഎഫ് സ്ഥാനാർഥി എം.പി.ജോസഫ് ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞ് സ്കൂളിലെത്തിയിരുന്നു.
തൃക്കരിപ്പൂർ: ഒളവറയിൽI93 നമ്പർ ബൂത്തിലെ പോളിംഗ് ഏജന്റും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ഉടുമ്പുന്തല പുനത്തിലെ കെ. സുബീഷി(26)നെ പരിക്കുകളോടെ തൃക്കരിപ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിൽ സുബീഷിന്റെ മുൻവശത്തെ പല്ല് കൊഴിയുകയും കഴുത്തിലെ ഞരമ്പിന് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം 6.30 ഓടെ ഒളവറ സങ്കേത ജിയുപി സ്കൂളിലെ ബൂത്തിലിരിക്കവേ ഒളവറയിലെ രതീഷ്, സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് സുബീഷ് പറഞ്ഞു.
കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ ബൂത്തിൽ സിപിഎം പ്രവർത്തകർ മർദിച്ചു; ഫോൺ തട്ടിയെടുത്തു
പിലിക്കോട്: സിപിഎം ശക്തികേന്ദ്രത്തിലെ പോളിംഗ് ബൂത്തിൽ യുഡിഎഫ് ഏജന്റായ കേരള കോൺഗ്രസ് നേതാവിനെ മർദിക്കുകയും മൊബൈൽഫോൺ തട്ടിയെടുക്കുകയും ചെയ്തു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയും മണ്ഡപം സ്വദേശിയുമായ ജയിംസ് മാരൂരി(43)നാണ് മർദനമേറ്റത്.
പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ബൂത്ത് നമ്പർ 127ലാണ് ആക്രമണമുണ്ടായത്.
തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി.ജോസഫിനു വേണ്ടിയാണ് പോളിംഗ് ഏജന്റായി ജയിംസ് ബൂത്തിലെത്തിയത്. എത്തിയ ഉടൻ തന്നെ നാലു സിപിഎം പ്രവർത്തകർ ജയിംസിനോട് ബൂത്തിൽനിന്നു പുറത്തുപോകാൻ ആവശ്യപ്പെട്ടു.
ജനാധിപത്യമര്യാദ പാലിക്കാൻ തയാറാകണമെന്ന് ജയിംസ് ആവശ്യപ്പെട്ടപ്പോൾ ഇവിടെ ജനാധിപത്യമല്ല, തങ്ങളുടെ മര്യാദ മാത്രമേ നടക്കുകയുള്ളുവെന്നായിരുന്നു മറുപടി.
തുടർന്ന് കൈപിടിച്ച് തിരിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥരോടും പോലീസുകാരോടും സംരക്ഷണം തേടിയെങ്കിലും അവർ കേട്ടഭാവം പോലും നടിച്ചില്ലെന്ന് ജയിംസ് പറഞ്ഞു.
ബൂത്തിൽനിന്ന് വലിച്ച് പുറത്തേയ്ക്കിറക്കി. തുടർന്ന് കല്ലെടുത്ത് എറിയാൻ തുടങ്ങവെ ജയിംസ് പ്രാണരക്ഷാർഥം ഒാടിരക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഒരു ഒാട്ടോറിക്ഷയിൽ കയറി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി. വിവരമറിഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ എംപി, സ്ഥാനാർഥി എം.പി.ജോസഫ്,ഡിസിസി വൈസ്പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്,മുസ്ിലം ലീഗ് മണ്ഡലം സെക്രട്ടറി എം.ടി.പി.കരീം, ആർഎസ്പി ജില്ലാ അസി.സെക്രട്ടറി കരീം ചന്തേര, പി.കെ.ഫൈസൽ, കെ.ശ്രീധരൻ എന്നിവർ ജയിംസിനെ ആശുപത്രിയിൽ സന്ദർശിച്ചു.
ബൂത്തിൽ റീപോളിംഗ് നടത്തണമെന്നും തെരഞ്ഞെടുപ്പ് നടപടികളിൽ കൃത്രിമത്തിന് കൂട്ടുനിന്ന പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും സ്ഥാനാർഥി എം.പി.ജോസഫ് വരണാധികാരിയോടും തെരഞ്ഞെടുപ്പ് നിരീക്ഷകരോടും ആവശ്യപ്പെട്ടു.
ജയിംസിന്റെ ഫോൺ ഇതുവരെയും തിരിച്ചുകിട്ടിയിട്ടില്ല. ഇത് സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ എം.പി. ജോസഫ് ചന്തേര പോലീസിൽ പരാതി നൽകി.
പെരിയയിൽ സ്ഥാനാർഥിക്ക് നേരേ കല്ലേറ്
പെരിയ: ഉദുമ മണ്ഡലത്തിൽ സിപിഎം ഉദുമയിൽ വ്യാപകമായ അക്രമം അഴിച്ചുവിട്ടതായി യുഡിഎഫ് നേതൃത്വം ആരോപിച്ചു. കൂട്ടക്കനി, ഇരിയണ്ണി തുടങ്ങി 11 ഓളം ബൂത്തുകൾ പിടിച്ചെടുത്തു.
പല പ്രിസൈഡിങ് ഓഫീസർമാരും സിപിഎം അനുഭാവികൾ ആയിരുന്നു.
കൂട്ടക്കനി സ്കൂളിൽ യുഡിഎഫ് ബൂത്ത് ഏജന്റ് രത്നാകരൻ നമ്പ്യാരെ ബൂത്തിൽനിന്നും വലിച്ചിറക്കി മർദിച്ചു. തെരഞ്ഞെടുപ്പ് പട്ടികയടക്കം ബലം പ്രയോഗിച്ചു കീറിക്കളഞ്ഞു.
വൈകുന്നേരം പെരിയ ഹയർ സെക്കൻഡറി സ്കൂളിലേക്ക് വരികയായിരുന്ന സ്ഥാനാർഥിയെ ഒരു സംഘം സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും വാഹനത്തിന് കല്ലെറിയുകയും ചെയ്തു.
ബൂത്ത് സന്ദർശനത്തിന് എത്തിയ സ്ഥാനാർഥിയെ പുറകെ വന്ന സിപിഎം പ്രവർത്തകർ തടയുകയായിടുന്നു. ഇതു കണ്ടു അവിടെ ഓടിയെത്തിയ വോട്ടർമാരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞു.
സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽവീടിന് കല്ലേറിൽ പരിക്കേറ്റു.
കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമുറ്റത്തിട്ടിരുന്ന കാർ തകർത്തു
പിലിക്കോട്: വോട്ടെടുപ്പിന്റെ തലേന്ന് രാത്രി കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ലുകൾ തകർത്തു.
ഖാദി ബോർഡിലെ റിട്ട. ജീവനക്കാരൻ എരവിലെ വി.കെ. സോമനാഥന്റെ കാറാണ് അടിച്ചുതകർത്തത്. ചന്തേര പോലീസ് അന്വേഷണമാരംഭിച്ചു.
കാഞ്ഞങ്ങാട് ലീഗ് നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം; പത്തു വയസുകാരന് പരിക്ക്
കാഞ്ഞങ്ങാട്: ലീഗ് പ്രാദേശിക നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം. ലീഗ് നേതാവ് ഹക്കീം മീനാപ്പീസിനും കുടുംബത്തിനും നേര്ക്കാണ് ആക്രമണം നടന്നത്. പത്തു വയസുള്ള മകന് സാരമായി പരിക്കേറ്റു.
കുട്ടിയെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ലഹരി മാഫിയാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് നേതാക്കള് ആരോപിച്ചു.