അമിത വണ്ണം പലർക്കും ശാരീരിക പ്രശ്നങ്ങളെക്കൂടാതെ മാനസിക പിരിമുറുക്കങ്ങളും സമ്മാനിക്കാറുണ്ട്. വണ്ണക്കൂടുതൽ അലട്ടുന്നതിനാൽ ഉൾവലിയാനുള്ള പ്രേരണകളും അസ്വസ്ഥതകളുമൊക്കെ പലർക്കും അനുഭവപ്പെടാറുണ്ട്. വണ്ണം കുറഞ്ഞുകിട്ടാൻ പലരും പല വഴികളും നോക്കുന്നു.
ഭാരം കുറയുന്നതു വലിയ സന്തോഷത്തിന്റെ അനുഭവമാണ് ഇക്കൂട്ടർക്ക്. എന്നാൽ, വേണ്ടത്ര തയാറെടുപ്പില്ലാതെ തോന്നുംപടി വണ്ണം കുറച്ചാൽ അതും പുലിവാലാകുമെന്നു ചൂണ്ടിക്കാട്ടുകയാണ് ഒരു യുവതി.ശരീരഭാരം പെട്ടെന്നു കുറച്ചതോടെ റെഡിച്ച് സ്വദേശിനിയായ എമ്മ സീലി വല്ലാത്ത മാനസിക സംഘർഷത്തിൽപ്പെടുകയായിരുന്നു. 184 കിലോഗ്രാമിലധികമായിരുന്നു ഭാരം.
ഇത് അപകടകരമാണെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതോടെയാണ് കുറയ്ക്കാൻ തീരുമാനിച്ചത്. അങ്ങനെ പരിശ്രമങ്ങൾക്കൊടുവിൽ 19 മാസങ്ങൾക്കൊണ്ട് എമ്മ 57 കിലോഗ്രാം ആയി മാറി. 2012ലെ മികവിനുള്ള അവാർഡ് വരെ എമ്മയെ തേടിയെത്തി.
വണ്ണം കുറഞ്ഞപ്പോൾ
വണ്ണമൊക്കെ കുറഞ്ഞു സുന്ദരിയായതോടെ എമ്മയ്ക്കും ആഹ്ലാദമായി. അപ്പോഴാണ് മറ്റൊരു പ്രശ്നം ഉടലെടുത്തത്. വണ്ണം പെട്ടെന്നു കുറഞ്ഞതോടെ ശരീര ചർമം തൂങ്ങാനും മടക്കുകൾ വീഴാനും തുടങ്ങിയിരുന്നു. ചില ശസ്ത്രക്രിയകളായിരുന്നു ഇതിനുള്ള പരിഹാരം. എന്നാൽ, ചില കോസ്മെറ്റിക് പ്രശ്നങ്ങളുള്ളതിനാൽ എമ്മയ്ക്ക് അതിനു വിധേയയാകാൻ കഴിഞ്ഞില്ല.
ഇതോടെ പുതിയൊരു പ്രശ്നം തന്റെ ശരീരത്തെ പിടികൂടിയതായി അവൾക്കു തോന്നി. അതു വിഷാദത്തിലേക്കു നയിച്ചു. വിശപ്പില്ലാതായി മാറി. വിശപ്പുണ്ടാകാൻ മദ്യത്തിനു പിന്നാലെ പോയി.തന്നോടുള്ള ദേഷ്യം തീർക്കാൻ സ്വയം ഉപദ്രവിക്കാൻ തുടങ്ങി. എന്റെ ചർമത്തിന്റെ പ്രശ്നം പരിഹരിക്കാൻ ആരും സഹായിക്കാനില്ലെങ്കിൽ ഞാൻ സ്വയം അതു ചെയ്യുമെന്നു കത്തിയെടുത്തു ശരീരത്തിൽ വച്ചുകൊണ്ട് അവൾ കാമുകനോടു പറഞ്ഞു.
എന്നെയാരും സ്നേഹിക്കുന്നില്ലെന്നു പറഞ്ഞ് ഒരു ദിവസം രാത്രി മദ്യപിച്ച് അവൾ ബെഡ്റൂമിന്റെ ജനലിൽ താഴേക്കു ചാടാൻ തയാറായി ഇരുന്നു. ഇടയ്ക്കു കാമുകൻ ഉറക്കമുണർന്നപ്പോൾ കണ്ടത് താഴേക്കു ചാടാൻ തയാറായിരിക്കുന്ന കാമുകിയെയാണ്. അയാൾ അവളെ ചാടിപ്പിടിക്കാൻ നോക്കി. പക്ഷേ, അവൾ വീണു അവളുടെ നട്ടെല്ല് രണ്ടു സ്ഥലങ്ങളിൽ ഒടിഞ്ഞു.
ഇതോടെ എമ്മ ഒരു തെറാപ്പിസ്റ്റിനെ സന്ദർശിച്ചു വിഷാദരോഗത്തിനുള്ള മരുന്നു കഴിക്കാൻ തുടങ്ങി. അങ്ങനെ ശരിയായ ഭക്ഷണക്രമത്തിലൂടെ ശരീരഭാരത്തെ 38 കിലോയിൽ എത്തിച്ചു. അവളുടെ ശാരീരിക പ്രശ്നങ്ങൾ പതിയെ പരിഹരിച്ചു തുടങ്ങി. ഇപ്പോൾ സുന്ദരിയായിരിക്കുന്പോൾ എമ്മ മറ്റുള്ളവരോടു പറയുന്നു, വെറുതെ ഭാരം കുറയ്ക്കുന്നതിനു മുന്നേ അതിനെക്കുറിച്ചു ശരിയായി മനസിലാക്കിയിരിക്കണം..