എമ്മ കൊറോണൽ ഐസ്പുരോ അതി സുന്ദരിയായ പെൺകുട്ടി. മെക്സിക്കൻ മയക്കുമരുന്നു ചക്രവർത്തിയായ “എൽ ചാപ്പോ’യുടെ (ജോക്വിൻ ഗുസ്മാൻ ) വിശ്വസ്തനായ സഹായിയുടെ മകളായിരുന്നു അവൾ.
ഒരു ഡാൻസ് വേദിയിൽ വച്ചാണ് എൽ ചാപോ അവളെ കണ്ടുമുട്ടുന്നത്. 2007ലെ “മിസ് സിനലോവ’ കിരീടം നേടുകകൂടി ചെയ്തതോടെ എൽ ചാപോയുടെ ശ്രദ്ധ മുഴുവൻ എമ്മയിലായി. സൗന്ദര്യ കിരീടം നേടുന്പോൾ 17 വയസായിരുന്നു എമ്മയുടെ പ്രായം.
നായകന്റെ വരവ്
മിസ് സിനലോവ പട്ടം നേടിയ എമ്മയെ കാണാനും അഭിനന്ദിക്കാനും എൽ ചാപ്പോ എത്തി. അതു വെറുമൊരു വരവായിരുന്നില്ല. 100 പേരടങ്ങുന്ന തോക്കുധാരികളുടെ ഒരു പടയുമായാണ് എൽ ചാപ്പോ എത്തിയത്.
വന്ന് എമ്മയെ കണ്ട ഉടൻ ഒരു പ്രഖ്യാപനവും നടത്തി, എമ്മയെ താൻ വിവാഹം കഴിക്കാൻ പോകുന്നു.
മറുത്തു പറഞ്ഞാൽ ജീവൻ പോകുമെന്ന് ഉറപ്പുണ്ടായിരുന്ന എമ്മയോ ബന്ധുക്കളോ ഒരക്ഷരം പോലും ഉരിയാടിയില്ല. വൈകാതെ അവൾക്ക് എൽ ചാപ്പോയുടെ നാലാമത്തെ ഭാര്യയാകേണ്ടി വന്നു. 2007ൽ എമ്മയുടെ പതിനെട്ടാം ജന്മദിനത്തിലാണ് അവളെ അയാൾ സ്വന്തമാക്കിയത്.
എന്നാൽ, അവളുടെ വിവാഹജീവിതം ഒട്ടും സുഖകരമായിരുന്നില്ല. പോലീസിനെ പേടിച്ച് എപ്പോഴും താമസ സ്ഥലങ്ങൾ മാറേണ്ട അവസ്ഥയായിരുന്നു എമ്മയ്ക്ക്.
ഇങ്ങനെയുള്ള പരക്കം പാഞ്ഞ ജീവിതത്തിനിടയിൽ അയാളുടെ രണ്ടു പെൺകുട്ടികൾക്കു അവൾ ജന്മം നൽകുകയുംചെയ്തു.
ക്രൂരതയുടെ ആൾരൂപം
നാർക്കോട്ടിക്സ് ബിസിനസിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു “എൽ ചാപ്പോ’ എന്ന അപരനാമധേയത്തിൽ കുപ്രസിദ്ധിയാർജിച്ച “ജോക്വിൻ ആർക്കിവാൾഡോ ഗുസ്മാൻ ലോറ’എന്ന അറുപത്തിമൂന്നുകാരൻ.
മയക്കുമരുന്നു കടത്ത്, കൊലപാതകം, കൗമാരക്കാരായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുക,
അവരെ മയക്കുമരുന്നു നിർബന്ധിച്ചു നൽകി ലൈംഗികമായി ചൂഷണം ചെയ്യുക, പിന്നീട് മയക്കുമരുന്നു ശീലക്കാരായി മാറ്റി ലൈംഗിക അടിമകളാക്കുക തുടങ്ങിയ വയൊക്കെയായിരുന്നു ഇയാൾ നടത്തിവന്നിരുന്ന കുറ്റ കൃത്യങ്ങൾ.
തങ്ങളുടെ ഗ്യാംഗ് വിട്ടു മറ്റു ഗ്യാംഗുകളിലേക്കു പോവുന്നവരെ നിർദയം വധിക്കുന്നതു ചാപ്പോയ്ക്ക് ഒരു ഹരമായിരുന്നു. ഒരിക്കൽ അരിലാനോ ഫെലിക്സ് കാർട്ടലിലെ ഒരു ശത്രുവിനെ തട്ടിക്കൊണ്ടുവന്നു മർദിച്ചവശനാക്കി.
പിന്നീട് അയാളെ വെടിവച്ച ശേഷം കത്തിച്ചു. പാതിവെന്ത ദേഹം ജീവനോടെ കുഴിച്ചുമൂടി. തന്നോടു നുണ പറഞ്ഞതിന്റെ പേരിൽ സ്വന്തം സഹോദരനെ വരെ വെടിവച്ചു കൊന്നിട്ടുള്ളയാളാണ് ചാപ്പോ.
മധരുനാരങ്ങ വിറ്റു തുടക്കം
ചെറുപ്പത്തിൽ മധുരനാരങ്ങ വിറ്റുനടന്നാണ് എൽ ചാപ്പോ ചെലവിനുള്ള കാശൊപ്പിച്ചിരുന്നത്.
പതിനഞ്ചാം വയസിൽ തന്റെ സ്വന്തം പറമ്പിൽ മരിജുവാന എന്ന കഞ്ചാവ് കൃഷി ചെയ്തുകൊണ്ടു ഗുസ്മാൻ നാർക്കോട്ടിക് കുറ്റകൃത്യങ്ങളിലേക്കു ചുവടുവച്ചു. അക്കാലത്തു തന്നെയാണ് “എൽ ചാപ്പോ’ എന്നുള്ള പേരും അയാൾ സ്വയം സ്വീകരിക്കുന്നത്.
സ്പാനിഷിൽ ആ വാക്കിന്റെ അർഥം കുള്ളൻ എന്നാണ്. അഞ്ചടി ആറിഞ്ചു മാത്രമായിരുന്നു അന്നു ഗുസ്മാന്റെ ഉയരം. പെട്ടെന്നു കാശുണ്ടാക്കാനാണ് എൽ ചാപ്പോ മയക്കുമരുന്നു വ്യാപാരത്തിലേക്ക് ഇറങ്ങിയത്.
ആദ്യമാദ്യം ഒരു ഹിറ്റ് മാന്റെ വേഷമായിരുന്നു. പിന്നീടു മയക്കുമരുന്നു കടത്തിൽ അഗ്രഗണ്യനായി അയാൾ മാറി.
(തുടരും).