ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടത്തിൽ ബ്രട്ടീഷ് കൗമാര വിസ്മയം എമ്മ റാഡുകാനു മുത്തംവച്ചു. പതിനെട്ടുകാരിയായ എമ്മ യോഗ്യതാ റൗണ്ട് കളിച്ചാണു യുഎസ് ഓപ്പണ്‍ ഫൈനൽസിനെത്തിയത്.
ഇതോടെ യോഗ്യതാ റൗണ്ട് കടന്ന് ഒരു ഗ്രാൻസ്ലാം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രം ഈ ബ്രിട്ടീഷുകാരി സ്വന്തമാക്കി,
ടെന്നീസ് ലോകം എമ്മയ്ക്കൊരുമ്മ എന്ന് ആ നേട്ടത്തെ വാഴ്ത്തി. കാനഡയുടെ 19 വയസുകാരിയായ ലൈല ഫെർണാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു എമ്മ, ആർതർ ആഷെ സ്റ്റേഡിയത്തിൽ നിറചിരി തൂകിയത്.
സ്കോർ: 6-4, 6-3. 1999നുശേഷം യുഎസ് ഓപ്പണിൽ കൗമാര ഫൈനൽ അരങ്ങേറിയതും ഇതാദ്യം. ഇതിനു മുന്‍പ് ഇരുവരും ഒരു സുപ്രധാന ടൂർണമെന്റിന്റെ പ്രീക്വാർട്ടറിനപ്പുറം കടന്നിട്ടില്ലായിരുന്നു എന്നതും ശ്രദ്ധേയം.
44 വർഷത്തിനുശേഷമാണ് ഒരു ബ്രിട്ടീഷ് വനിത ഗ്രാൻസ്ലാം കിരീടത്തിൽ ചുംബിക്കുന്നത്. 1977 ൽ വെർജീനിയ വേഡ് വിംബിൾഡണ്‍ സ്വന്തമാക്കിയതാണു ബ്രിട്ടന്റെ അവസാന വനിതാ ഗ്രാൻസ്ലാം നേട്ടം. 1968ൽ വെർജീനിയ വേഡിനുശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയുമാണ് എമ്മ റാഡുകാനു.
എമ്മയുടെ ചരിത്ര നേട്ടത്തിനു സാക്ഷ്യംവഹിക്കാൻ വെർജീനിയയും ബ്രിട്ടീഷ് ടെന്നീസ് ഇതിഹാസം ടിം ഹെൻമാനും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. സ്വപ്നനേട്ടം എന്നാണു ഫൈനൽ വിജയത്തിനുശേഷം എമ്മയുടെ പ്രതികരണം. 2021 വിംബിൾഡണ്‍ പ്രീക്വാർട്ടറിൽ പ്രവേശിച്ചതായിരുന്നു എമ്മയുടെ ഇതിനു മുന്‍പത്തെ മികച്ച പ്രകടനം.
വിസ്മയത്തുന്പത്ത്, 20-0
എ മ്മയുടെ കിരീട നേട്ടം ടെന്നീസ് ലോകത്തെ വിസ്മയിപ്പിച്ചു. യോഗ്യതാ റൗണ്ട് മുതൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് എമ്മ യുഎസ് ഓപ്പണ്‍ കിരീടവുമായി ബ്രിട്ടനിലേക്കു തിരികെ പറന്നത്.
യോഗ്യതയിലെ മൂന്ന് റൗണ്ട് തുടങ്ങി ഫൈനൽ വരെയായി എമ്മ കളിച്ചത് 10 മത്സരം. ഒരു സെറ്റും കൈവിടാതിരുന്നതോടെ 20-0 എന്ന വിജയ മാർജിനും.
150-ാം റാങ്കുകാരിയായ എമ്മയുടെ ഈ ജൈത്രയാത്രയിൽ കടപുഴകിയത് 2020 ടോക്കിയോ ഒളിന്പിക് സ്വർണ ജേതാവും 11-ാം സീഡുകാരിയുമായ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിക് (ക്വാർട്ടറിൽ), 17-ാം സീഡായ ഗ്രീക്ക് താരം മരിയ സക്കാരി (സെമി) തുടങ്ങിയവർ.
ലോക 73-ാം നന്പറുകാരിയായ ലൈലയുടെ ഫൈനൽ പ്രവേശനവും വിസ്മയക്കുതിപ്പിലൂടെയായിരുന്നു. ലോക രണ്ടാം നന്പർ അര്യാന സബലേങ്ക (സെമി), മൂന്നാം നന്പർ നവോമി ഒസാക്ക (മൂന്നാം റൗണ്ട്), അഞ്ചാം നന്പർ എലിന സ്വിറ്റോളിന (ക്വാർട്ടർ), 17-ാം നന്പർ ആംഗലിക് കെർബർ (പ്രീക്വാർട്ടർ) തുടങ്ങിയവരെ അട്ടിമറിച്ചായിരുന്നു ലൈലയുടെ ഫൈനലിലേക്കുള്ള കുതിപ്പ്.
ചരിത്രം വഴിമാറി
പതിനെട്ടുകാരി എമ്മയും പത്തൊന്‍പതുകാരി ലൈലയും ഫൈനലിൽ ഏറ്റുമുട്ടിയത് ചരിത്രം കുറിക്കൽകൂടിയായിരുന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ (1968 മുതൽ) ആദ്യമായാണ് രണ്ടു സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഫൈനലിൽ കളിച്ചത്.
1999ൽ സെറീന വില്യംസും (17 വയസ്) മാർട്ടിന ഹിംഗിസും (18 വയസ്) ഫൈനലിൽ ഏറ്റുമുട്ടിയതിനുശേഷം യുഎസ് ഓപ്പണിലെ ആദ്യ കൗമാര ഫൈനലുമായിരുന്നു. സീഡ് ചെയ്യപ്പെടാത്ത കളിക്കാർ ഏറ്റുമുട്ടിയ ആദ്യ വനിതാ ഗ്രാൻസ്ലാം ഫൈനലുമാണിത്.