ന്യൂയോർക്ക്: ഹോളിവുഡിലെ നിർമാതാവായ ഹാർവി വെയ്ൻസ്റ്റെയിന്റെ പീഡനകഥകൾക്കു പിന്നാലെ സോഷ്യൽ മീഡിയയിൽതുടങ്ങിയ ഹാഷ് ടാഗ് കാന്പെയിൻ ലോകമെന്പാടും വൈറലാകുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കാന്പെൻ തുടങ്ങിയിരിക്കുന്നത്.
അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാന്പെയ്ന് തുടക്കം കറിച്ചത്. സുഹൃത്തിൽ നിന്നു ലഭിച്ച നിർദേശത്തെ ഉൾക്കൊണ്ടാണ് പീഡനത്തിനിരയായവർ അത് തുറന്ന് പറയണമെന്നും തങ്ങളുടെ നവമാധ്യമ ഇടങ്ങളിൽ “മീ ടു’ എന്ന് രേഖപ്പെടുത്തണമെന്നും അലീസ ആവശ്യപ്പെട്ടത്. അലീസയുടെ നിർദേശത്തെ മറ്റുള്ളവർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
1000ത്തിലധികം പേരാണ് മീടു എന്ന ഹാഷ് ടാഗിൽ തങ്ങൾ അനുഭവിക്കേണ്ടിവന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും നടിമാരായ റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയ പ്രമുഖരുൾപ്പെടെ നിരവധിപേരും കാന്പെയിന്റെ ഭാഗമായി. ഹാർവിക്കെതിരേ ഇതുവരെ 49 പേർ ആരോപണവുമായി എത്തിയിട്ടുണ്ട്.
ഈ മാസം അഞ്ചിന് ജോഡി കാന്റർ, മേഗൻ ടുവേ എന്നിവർ ചേർന്നു ന്യൂയോർക്ക്െ ടെംസിൽ എഴുതിയ ലേഖനത്തോടെയാണു വിവാദങ്ങൾക്കു തുടക്കം. മോഡലിങ്ങിൽ അവസരം തേടിയ അവരെ ഹോട്ടൽ മുറിയിലേക്കു ക്ഷണിക്കുകയായിരുന്നു. ചിത്രങ്ങൾ പരിശോധിച്ചശേഷം ’’യഥാർഥത്തിൽ നീ ഇങ്ങനെയാണോ’’യെന്ന് പരിശോധിക്കട്ടേയെന്നു പറഞ്ഞാണ് അയാൾ ആക്രമണം തുടങ്ങിയത്. വിവരം അവർ പോലീസിനെ അറിയിച്ചു.
പോലീസിനുവേണ്ടി ഹാർവിയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തിട്ടും കേസ് ശക്തമായില്ല. അവസാനം ന്യൂയോർക്ക് ടൈംസ് വാർത്ത പുറത്തുവിട്ടതോടെയാണു ഹോളിവുഡിന്റെ ശ്രദ്ധ കേസിൽ പതിഞ്ഞത്. എട്ട് പീഡനക്കേസുകളാണ് ആദ്യം പുറത്തുവന്നത്. താരങ്ങളോരോന്നായി ഹാർവിക്കെതിരേ തിരിഞ്ഞതോടെയാണു കൂടുതൽ കേസുകൾ പുറത്തുവന്നത്. ന്യൂയോർക്ക് പോലീസാണ് ഇയാൾക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ചിരുന്നത്. സമ്മതമില്ലാതെെ ലൈംഗിക ഉദ്ദേശ്യത്തോടെ ആരെയും ഇതുവരെ സമീപിച്ചിട്ടില്ലെന്നാണു ഹാർവിയുടെ നിലപാട്.
ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യാ റായിയെയും കെണിയിൽ വീഴ്ത്താൻ ഇയാൾ ശ്രമം നടത്തിയതായി കഴിഞ്ഞദിവസം വാർത്ത പുറത്തുവന്നിരുന്നു. ഹോളിവുഡിലെ നിർമാതാക്കളിൽ പ്രമുഖനാണ് അറുപത്തഞ്ചുകാരനായ ഹാർവി. ഇതിനോടകം മൂന്നൂറിലേറെ ഓസ്കർ നോമിനേഷനുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രൊഡക്ഷനുകളിൽ 81 എണ്ണം ഓസ്കർ അവാർഡുകൾ വാരിക്കൂട്ടിയവയാണ്.