ന്യൂയോർക്ക്: ഫ്ലഷിംഗ് മെഡോസിൽ ബ്രിട്ടീഷ് കുമാരിയുടെ റാക്കറ്റിൽ വിസ്മയം വിരിഞ്ഞു. ഗ്രാൻസ്ലാമിൽ യോഗ്യതാ റൗണ്ടിലൂടെയെത്തി കിരീടത്തിൽ മുത്തമിടുന്ന ചരിത്ര വിസ്മയം.
യുഎസ് ഓപ്പണിൽ ബ്രിട്ടന്റെ പതിനെട്ടുകാരി എമ്മ റാഡുകാനു പുതുചരിത്രം എഴുതിച്ചേർത്തു. വനിതാ സിംഗിൾസിൽ കൗമാരക്കാരുടെ കലാപ്പോരിൽ കിരീടം എമ്മയ്ക്കു സ്വന്തം.
കാനഡയുടെ പത്തൊൻപതുകാരി ലൈല ഫെർണാണ്ടസിനെയാണ് എമ്മ പരാജയപ്പെടുത്തിയത്.
യോഗ്യതാ റൗണ്ടിലൂടെയെത്തി കിരീടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ബ്രിട്ടീഷ് താരം സ്വന്തമാക്കിയത്.
ഇതോടെ 44 വർഷത്തെ ബ്രിട്ടന്റെ ഗ്രാൻസ്ലാം കിരീട വരൾച്ചയ്ക്കു കൂടി എമ്മയിലൂടെ പരിഹാരമായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ വിജയം.
സ്കോർ: 6-4, 6-3. യോഗ്യതാ ഘട്ടം മുതൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് എമ്മ ചാമ്പ്യനായത്, റിയൽ ചാമ്പ്യൻ.
മത്സരത്തിനിടെ എമ്മയ്ക്കു വീഴ്ചയിൽ പരിക്കേറ്റു. മെഡിക്കൽ ടൈം ഔട്ട് എടുത്ത എമ്മ വീണുപൊട്ടിയ കാലിൽ ബാൻഡേജ് ഒട്ടിച്ചാണ് തിരിച്ചെത്തിയത്.
അട്ടിമറികളിലൂടെ തകർപ്പൻ ജയങ്ങളുമായെത്തിയ ബ്രിട്ടീഷ് കുമാരി ഒരു പിടി റിക്കാർഡുകളും സൃഷ്ടിച്ചു. ഓപ്പണ്‍ കാലഘട്ടത്തിൽ യോഗ്യതാ റൗണ്ടിലൂടെ യെത്തി കിരീടം സ്വന്തമാക്കുന്ന ആദ്യ താരം.
2004ലെ വിംബിൾഡണ്‍ പതിനേഴുകാരിയായ മരിയ ഷറപ്പോവ വിജയിച്ചതിനുശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻസലാം കിരീട ജേതാവ്.
കിം ക്ലൈസ്റ്റേഴ്സ് തിരിച്ചുവന്ന്, 2009ലെ യുഎസ് ഓപ്പണ്‍ നേടിയശേഷം ഈ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്ന 100 റാങ്കിനു പുറത്തുള്ള രണ്ടാമത്തെ വനിത.
1977ൽ വിംബിൾഡണിൽ വെർജീനിയ വേഡിനു ശേഷം ഒരു ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിത, 1968ൽ വേഡിനുശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ ബ്രിട്ടീഷ് വനിത.