കൊച്ചി: “ഇതുതന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട്. ഈ നാട്ടിലേക്ക് ഞങ്ങളെ എത്തിച്ചത് ദൈവവും’-നൈജീരിയയില്‍നിന്നുള്ള മൂന്നു വയസുകാരന് ഇഫെയ്ന്‍ ഇമ്മാനുവലിന്റെ ഹൃദയതാളം കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ സൗജന്യ ചികില്‍സയിലൂടെ വീണ്ടെടുത്തപ്പോള്‍ മാതാപിതാക്കൾ നന്ദിയോടെ ഉരുവിട്ട വാക്കുകളാണിത്.
അപൂര്‍വതരം ഹൃദ്രോഗം ബാധിച്ച മകൻ ഇഫെയ്ന്റെ ജീവനൊപ്പം തിരിച്ചുകിട്ടിയത് തങ്ങളുടെ ജീവിതം കൂടിയാണെന്ന് നിർധന ദന്പതികളായ ആബിയയും തെരേസയും പറഞ്ഞു.
ടെട്രോളജി ഓഫ് ഫാലോട്ട് എന്ന രോഗാവസ്ഥയായിരുന്നു ഇഫെയ്ന്‍. ഓക്സിജന്‍ അളവ് കുറവായതിനാല്‍ വളരെവേഗം ശരീരം തളരുന്ന സ്ഥിതി.
നൈജീരിയയില്‍ തുടര്‍ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. പഴയവസ്ത്രങ്ങള്‍ ശേഖരിച്ച്, അതു വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ദമ്പതികള്‍ക്ക് പുറംരാജ്യത്ത് പോയി ചികിത്സ നടത്തുകയെന്നത് ചിന്തിക്കാന്‍ കൂടി കഴിയാത്ത കാര്യമായിരുന്നു.
അങ്ങനെയിരിക്കെയാണ് ആബിയയുടെ സഹോദരി, ആസ്റ്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നതും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പനെ ഇമെയില്‍ വഴി ബന്ധപ്പെടുന്നതും.
കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്ജന് ഡോ. സാജന് കോശിയുടെ നേതൃത്വത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
ഐസിയുവില്‍ ദിവസങ്ങളോളം നിരീക്ഷണത്തിനുശേഷം സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തിയ ഇഫെയ്ന്‍ മാതാപിതാക്കളോടൊപ്പം ആസ്റ്റര്‍ മെഡ്സിറ്റി വിട്ടു.