ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകർ. വടക്കൻ ഗ്രീസിലെ വെർജീനയിലുള്ള പുരാതനമായ ഐഗായ് കൊട്ടാരത്തിലാണു കുളിമുറി കണ്ടെത്തിയതെന്നു പറയുന്നു. അലക്സാണ്ടര്‍ രാജാധികാരത്തിലേറിയ ഈ കൊട്ടാരം 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്.
ഇവിടെ കണ്ടെത്തിയ കുളിമുറി, അലക്സാണ്ടർ തനിക്കേറ്റവും അടുപ്പമുണ്ടായിരുന്നവർക്കൊപ്പം കുളിച്ചിരുന്ന സ്ഥലമായിരുന്നെന്നു പുരാവസ്തു ഗവേഷകനായ ഹ്യൂസ് പറയുന്നു. നടുമുറ്റം, ക്ഷേത്രങ്ങൾ, സങ്കേതങ്ങൾ, തിയറ്റർ, ബോക്സിംഗ് സ്കൂൾ, ശവകുടീരങ്ങൾ എന്നിവയും ഈ കൊട്ടാരത്തില്‍ കണ്ടെത്തി. പൂര്‍ണമായും പാറയില്‍ കൊത്തിയെടുത്ത അഴുക്കുചാലും കൊട്ടാരത്തിനുള്ളിലുണ്ട്.
എന്നാൽ, ചക്രവര്‍ത്തിയുടെ കിടപ്പുമുറി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പുനര്‍നിര്‍മിച്ച ഐഗായ് കൊട്ടാരം കഴിഞ്ഞ ജനുവരിയിൽ സന്ദർശകർക്ക് തുറന്നുകൊടുത്തു. കൊട്ടാരമട്ടുപ്പാവില്‍ നിന്നാല്‍ മാസിഡോണിയൻ പ്രദേശം മുഴുവനായും കാണാം.
ഗ്രീക്ക് രാജാവായിരുന്നു അലക്സാണ്ടർ ചക്രവർത്തി. ഒട്ടേറെ യുദ്ധങ്ങൾക്കു നടുനായകത്വം വഹിച്ച ഇദ്ദേഹം ലോകചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ സൈന്യാധിപരിൽ ഒരാളായി വാഴ്ത്തപ്പെടുന്നു. ഒരു യുദ്ധത്തിലും ഇദ്ദേഹം പരാജയപ്പെട്ടിരുന്നില്ല.