ആദ്യം വ്യാപാരി പോയി, രണ്ടു മാസത്തിനു ശേഷം ജീവനക്കാരിയും; ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹതയേറുന്നു; തിരിച്ചു വരുകയാണെന്ന് ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്ത ശേഷം അംജാദ് പോയതെങ്ങോട്ട്…?

 

കോഴിക്കോട്: ഒര്‍ക്കാട്ടേരിയിലെ വ്യാപാരിയുടെയും സ്ഥാപനത്തിലെ ജീവനക്കാരിയുടെയും തിരോധാനം ചര്‍ച്ചയാവുന്നു. വ്യാപാരിയെ കാണാതായി രണ്ടു മാസത്തിനു ശേഷമാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ കാണാതായത്. സെപ്റ്റംബര്‍ 11നാണ് ഓര്‍ക്കാട്ടേരിയിലെ ഐഡിയ മൊബൈല്‍ ഔട്ട്‌ലെറ്റ് നടത്തുന്ന അംജാദ്(23)നെ കാണാവുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണ(32) അപ്രത്യക്ഷമാവുന്നത്. തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്‌കൂട്ടറില്‍ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു. വൈകിട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതാവുന്നത്.

രാത്രി ഏറെ വൈകിയും ഇവര്‍ വീട്ടിലെത്താഞ്ഞതിനാല്‍ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണുതാനും. പ്രവീണയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തി. കടയുടമയായ അംജാദിനെ കാണാതായിട്ട് രണ്ടു മാസമായെങ്കിലും ഒരു തുമ്പുമില്ല. സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ മുഹമ്മദ് അംജാദ്. ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങി വടകരയിലെത്തി. തുടര്‍ന്ന് സാധനങ്ങള്‍ സ്വന്തം കാറില്‍ കയറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് അംജാദിനെ കാണാതായത്. ഇതോടെ ബന്ധുക്കള്‍ എടച്ചേരി പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കൊടുക്കുകയായിരുന്നു.

അംജാദിന്റെ കാര്‍ വടകര ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നും പോലീസ് കണ്ടെടുത്തിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും അതുക്കൊണ്ടും കാര്യമായ ഗുണമെന്നും ഉണ്ടായില്ല. അതിനിടയില്‍ താന്‍ തിരിച്ചുവരികയാണെന്ന് പറഞ്ഞ് അംജാദിന്റെ ഫോണ്‍ കോള്‍ ബന്ധുക്കള്‍ക്ക് വന്നു. എന്നാല്‍ പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. ഇതിനിടെ ഇയാള്‍ ബാംഗ്ലൂരിലെ ഒരു ആശുപത്രിയില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. വിവരത്തെ തുടര്‍ന്ന് പൊലീസ് നേരെ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും അംജാദിനെ കാണാന്‍ കഴിഞ്ഞില്ല. അംജാദ് അപ്പോഴേക്കും ഡിസ്ചാര്‍ജ്ജ് വാങ്ങി പോയിരുന്നു. കാണാതായ രണ്ടു പേരുടെയും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

ഇരുവരുടേയും തിരോധാനം തമ്മില്‍ വല്ല ബന്ധവുമുള്ളതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കാണാതായതിനു ശേഷം ഇവരുടെ സിം കാര്‍ഡോ മൊബൈല്‍ഫോണോ പിന്നെ ഉപയോഗിച്ചിട്ടില്ലയെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. തലശേരി ചൊക്ലി സ്വൊദേശിനിയാണ് പ്രവീണ. ഓര്‍ക്കാട്ടേരിക്ക് സമീപമുള്ള ഒഞ്ചിയത്തേക്കാണ് ഇവരെ വിവാഹം കഴിച്ചിട്ടുള്ളത്. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്തു വരികയാണ്. ഏഴു വയസുള്ള ഒരു മകളും ഉണ്ട്. ഇരുവരുടെയും തിരോധാനത്തിനു പിന്നിലുള്ള ദുരൂഹത നീക്കാന്‍ പോലീസ് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related posts