തൊടുപുഴ: മരിച്ചുപോയ ജീവനക്കാരന്റെ ആനുകൂല്യങ്ങൾ നൽകാനും ആശ്രിതനിയമനത്തിനും സർവീസ് ബുക്ക് കാണാനില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ ബന്ധുക്കളെ കബളിപ്പിച്ചത് നീണ്ട 23 വർഷം.
ഒടുവിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ വിളിച്ച് വിചാരണ ചെയ്തതോടെ രേഖകൾ 24 മണിക്കൂറിനകം പുറത്തു വന്നു.ഇടുക്കി ഡിഎംഒ ഓഫീസിൽനിന്നു കാണാതായ ഫയൽ കണ്ടെത്തിയത് തിരുവനന്തപുരത്തുനിന്ന്.
വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കിം മലപ്പുറത്ത് നടത്തിയ വിചാരണയിലാണ് ഫയൽ കണ്ടെത്താൻ നിർദേശം നൽകിയത്.
ഇടുക്കി ഡിഎംഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന നിലന്പൂർ സ്വദേശി ജയരാജൻ 2017-ലാണു സർവീസിലിരിക്കെ മരിച്ചത്.
അദ്ദേഹത്തിന്റെ ആനുകൂല്യങ്ങൾക്കായി നിലന്പൂരിലുള്ള ബന്ധുക്കൾ സമീപിച്ചപ്പോൾ ജയരാജൻ മരിക്കുന്നതിനു 17 വർഷം മുന്പ് ജയരാജന്റെ സർവീസ് ബുക്ക് കാണാതായതായി സഹപ്രവർത്തകർ വെളിപ്പെടുത്തി.
ജയരാജന്റെ സർവീസ്ബുക്ക് 2000 മേയിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചതിൽ പിന്നെ അത് മടങ്ങിവന്നിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ബന്ധുക്കൾക്കു ലഭിച്ച മറുപടി.
കഴിഞ്ഞ അഞ്ചു വർഷമായി ബന്ധുക്കൾ നിലന്പൂരിൽനിന്ന് പൈനാവിലെത്തി പരാതി ഉന്നയിക്കുകയായിരുന്നു. ഒടുവിലാണ് വിവരാവകാശ കമ്മീഷണർ എ. അബ്ദുൽ ഹക്കിമിന്റെ മുന്നിൽ പരാതിയെത്തിയത്. തുടർന്ന് കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് ഡിഎംഒ ഓഫീസിൽനിന്നു സമർപ്പിച്ചില്ല.
തുടർന്നാണ് മലപ്പുറത്ത് തെളിവെടുപ്പിന് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.2000 ജൂലൈയിൽ ഏജീസ് ഓഫീസിൽനിന്ന് സർവീസ്ബുക്ക് തിരികെ അയച്ചിരുന്നതായും അത് ഇടുക്കി ഡിഎംഒ കൈപ്പറ്റിയതായും തെളിവെടുപ്പിൽ കമ്മീഷണർ കണ്ടെത്തി.
24 മണിക്കൂറിനകം സർവീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമ്മീഷണർ താക്കീത് നല്കിയതോടെ മലപ്പുറത്തുനിന്ന് മടങ്ങിയ ഉദ്യോഗസ്ഥർ പിറ്റേന്ന് തലസ്ഥാനത്തെ ചേംബറിൽ കമ്മീഷണർ എത്തിയപ്പോൾ ഇടുക്കി ഓഫീസിൽനിന്ന് സർവീസ് ബുക്കും ഇതര രേഖകളുമായി ഹാജരായി.
ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും നടപടിക്രമങ്ങൾ പാലിച്ച് സർവീസ് ബുക്ക് ഹെൽത്ത് ഡയറക്ടർക്ക് അയയ്ക്കാനും കമ്മീഷണർ ഉത്തരവിട്ടു.
ഇടുക്കി ഡിഎംഒ ഓഫീസിലെ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും കമ്മീഷണർ ഉത്തരവായി.