തൊഴിലിടങ്ങളിലെ പിരിമുറുക്കത്തെ തുടർന്ന് യുവതൊഴിലാളികൾ ജോലിസ്ഥലത്ത് പുതിയൊരു പരിഹാരം കൊണ്ടുവന്നു. എന്താണന്നല്ലേ, ഓഫീസിൽ വാഴയുടെ പഴുക്കാത്ത കുല കൊണ്ടുവരിക! സംഭവം ചൈനയിലാണ് കേട്ടോ. “സ്റ്റോപ്പ് ബനാന ഗ്രീൻ” എന്നാണ് ഈ രീതിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സംഭവം എന്തായാലും ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പച്ച നേന്ത്ര വാഴക്കുലകൾ വാങ്ങി ഓഫീസിൽ തൊഴിലാളികൾ കൊണ്ടുവരും. ഈ വാഴക്കുല പഴുക്കുന്നത് വരെ കാത്തിരിക്കുമ്പോൾ ജോലിയിലെ പിരിമുറിക്കത്തിൽ നിന്നും ശ്രദ്ധമാറ്റാൻ സാധിക്കുമെന്നാണ് അവരുടെ അവകാശവാദം.
സഹപ്രവർത്തകരുമായി വാഴപ്പഴം പങ്കിടുന്നത് ജോലിസ്ഥലത്തെ ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും പറയുന്നു. ചില ആളുകൾ പഴം കൈമാറുന്നതിന് മുമ്പ് അത് റിസർവ് ചെയ്യുന്നതിനായി അവരുടെ സഹപ്രവർത്തകരുടെ പേരുകൾ തൊലിയിൽ എഴുതുന്നുമുണ്ട്.
ചൈനയിലെ ശരാശരി പ്രവൃത്തി ആഴ്ച 49 മണിക്കൂർ കവിയുന്നതിനാൽ, യുവ തൊഴിലാളികൾ പലപ്പോഴും സമ്മർദം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള വഴികൾ തേടുന്നത്. “സമൃദ്ധമായ പച്ച മുതൽ സ്വർണ്ണ മഞ്ഞ വരെ, ഓരോ നിമിഷവും അനന്തമായ പ്രതീക്ഷകളും ആശ്ചര്യങ്ങളും നിറഞ്ഞതാണ്,” എന്നാണ് ഈ പുതിയ ട്രെൻഡിനെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.