തിരുവനന്തപുരം: സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നിയമനങ്ങൾ കുറയുന്നു. താത്കാലിക ഒഴിവുകൾ വൻതോതിൽ ദിവസവേതന, കരാർ വ്യവസ്ഥയിൽ നികത്തുന്ന സാഹചര്യം വന്നതോടെയാണ് എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നിയമനങ്ങൾ കുറഞ്ഞത്.
എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്കു പ്രകാരം പ്രഫഷണൽ യോഗ്യതയുള്ളവരടക്കം 37.17 ലക്ഷം തൊഴിൽ അന്വേഷകർ സംസ്ഥാനത്തുള്ളപ്പോഴാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ മറികടന്നുള്ള നിയമനങ്ങൾ നടക്കുന്നത്. നിലവിൽ എക്സ്ചേഞ്ചുകൾ വഴി തൊഴിൽ കാത്തുകഴിയുന്നവരിൽ അധികവും സ്ത്രീകളാണ്.
തൊഴിൽവകുപ്പിന്റെ കണക്കു പ്രകാരം 2016ൽ 10,212 പേർക്കും 2017 നവംബർ വരെയുള്ള കണക്ക് പ്രകാരം 8600 പേർക്കുമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമനം ലഭിച്ചത്. കഴിഞ്ഞ 12 വർഷത്തെ കണക്കെടുത്താൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ഏറ്റവും കൂടുതൽ നിയമനം നടന്നത് 2008 ലാണ്.
18,099 പേർക്ക് ഈ കാലയളവിൽ നിയമനം നൽകി. 2012ൽ 12,643 നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾവഴി നടത്തി. നിലവിൽ തൊഴിൽ കാത്തിരിക്കുന്നവരിൽ 1.77 ലക്ഷം പേർ എൻജിനിയറിംഗ് അടക്കമുള്ള പ്രഫഷണൽ ബിരുദമുള്ളവരാണ്. 2017 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 1,93,071 അഭ്യസ്തവിദ്യർക്കായി 24 കോടി രൂപയാണ് സർക്കാർ തൊഴിലില്ലായ്മ വേതനമായി വിതരണം ചെയ്തത്.
തൊഴിൽ പരിശീലനം നൽകി യുവാക്കളെ സജ്ജമാക്കുന്നതിന് സർക്കാർ ഊന്നൽ നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനനുസരിച്ച് തൊഴിലവസരങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ ഇരട്ടിയോളമുണ്ടെന്നു സംസ്ഥാന സർക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ ആകെ ജനസംഖ്യയുടെ 23 ശതമാനംവരുന്ന യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് മൊത്തം ജനവിഭാഗത്തിന്റെ തൊഴിലില്ലായ്മ നിരക്കിനേക്കാൾ കൂടുതലാണ്. ഗ്രാമപ്രദേശങ്ങളിൽ 21.7 ശതമാനവും നഗരപ്രദേശങ്ങളിൽ 18 ശതമാനവുമാണിത്.
െതാഴിലന്വേഷകർ ജില്ല അടിസ്ഥാനത്തിൽ (പുരുഷൻ/സ്ത്രീ)
തിരുവനന്തപുരം 2,07,173 /3,11,923
കൊല്ലം 1,65,613 /2,50,135
പത്തനംതിട്ട 61,203 /81,515
ആലപ്പുഴ 1,23,921 /1,81,444
കോട്ടയം 1,00,111 /1,44,802
ഇടുക്കി 51,188 /65,156
എറണാകുളം 1,35,770 /2,10,408
തൃശൂർ 1,09,570 /1,94,438
പാലക്കാട് 1,03,035 /1,50,203
മലപ്പുറം 1,07,565 / 1,72,051
കോഴിക്കോട് 1,34,792 / 2,42,327
വയനാട് 39,266 /56,996
കണ്ണൂർ 86,221 / 1,33,030
കാസർഗോഡ് 36,494 /60,861