മാവേലിക്കര: മാവേലിക്കര, കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നു കൃത്യ സമയത്ത് ലിസ്റ്റ് കൈമാറാതിരുന്നതു മൂലം 1000 ത്തോളം ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായതായി വിവരാവകാശ രേഖ.
ചെട്ടികുളങ്ങര ഇരേഴവടക്ക് ഉണ്ണിച്ചേത്ത് കെ.രാജേഷ് നൽകിയ വിവരാവകാശ ഹർജിക്കുള്ള മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടറുടെ വിവരാവകാശ മറുപടി പ്രകാരം മാവേലിക്കര, കായംകുളം എക്സ്ചേഞ്ചുകളിൽ നിന്നുള്ള യോഗ്യത ലിസ്റ്റ് സമയപരിധി കഴിഞ്ഞാണ് ജില്ലാ എക്സ്ചേഞ്ചിൽ ലഭിക്കുന്നതെന്ന് പറയുന്നു.
അതിനാൽ ലിസ്റ്റ് തിരികെ മടക്കാറാണ് പതിവെന്നും പറയുന്നു. സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള നിയമനങ്ങളാണ് ഇതുമൂലം മാവേലിക്കര കായംകുളം എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് നഷ്ടമായിരിക്കുന്നത്.
ലിസ്റ്റ് ആവശ്യപ്പെട്ട ചില ഒഴിവുകൾക്ക് ലിസ്റ്റ് നൽകിയിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. 2018 ജനുവരി മുതൽ 2019 ഏപ്രിൽ 30 വരെ മാത്രം മാവേലിക്കരയിലെ 16 ഉം കായംകുളത്തെ 32 ലിസ്റ്റുകളും തിരികെ അയച്ചിട്ടുണ്ടെന്ന് രേഖകളിൽ പറയുന്നു.
2019 ൽ ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സംഘടന നൽകിയ പരാതിയിൽ അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിൽ മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലെ രണ്ട് ഉദ്യോഗസ്ഥർ സംഭവത്തിൽ കുറ്റക്കാരാണെന്നും ഇവർക്കെതിരെ ശിക്ഷാ നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് രാജേഷ്.