മുക്കം: സിപിഎം നേതൃത്വത്തിൽ മുക്കം പാലത്തിനു സമീപം നിർമാണം പുരോഗമിക്കുന്ന ഇഎംഎസ് സഹകരണ ആശുപത്രിക്കായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധവുമായി നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും.
മാസങ്ങളായി നടക്കുന്ന നിർമ്മാണ പ്രവൃത്തിക്കിടെ വൈദ്യുതി ഉപയോഗിച്ച് പാറ പൊട്ടിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്.
പഞ്ചായത്തിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടേയോ യാതൊരു അനുമതിയുമില്ലാതെയാണ് ഖനന പ്രവർത്തനങ്ങളെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത്രയും കാലം പരസ്യമായി നടന്നിരുന്ന നിർമാണം ഷീറ്റുപയോഗിച്ച് മറച്ചതോടെയാണ് നാട്ടുകാരിൽ സംശയമുയർന്നത്.
പാറ പൊട്ടിക്കുന്നതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതോടെ ഇന്നലെ നാട്ടുകാർ ജനപ്രതിനിധികളുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. അനധികൃത ഖനനം നിർത്തിവയ്ക്കാൻ യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.പി. ഷിഹാബ്, സുഹറ കരു വോട്ട്, എൻ.കെ.അൻവർ യുഡിഎഫ് നേതാക്കളായ കെ. കോയ, എം.ടി. സൈദ് ഫസൽ, സത്യൻ മുണ്ടയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.