അഞ്ചല്‍: കുളത്തുപ്പുഴ പഞ്ചായത്തിലെ പതിനൊന്നാംമൈല്‍ വാര്‍ഡില്‍ തച്ചന്‍കോണം പ്രദേശത്തെ ഇഎംഎസ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്കിയ വീടും ഭൂമിയും ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്.
പത്ത് വര്‍ഷത്തിലധികമായി ഇവിടെയുള്ള ഭൂരിഭാഗം വീടുകളിലും താമസക്കാര്‍ ഇല്ല. വീടുകളില്‍ ഭൂരിഭാഗവും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്.
ആര്‍ക്കും വേണ്ടാത്ത ഭൂമിയും വീടുകളും പഞ്ചായത്ത് ഏറ്റെടുക്കുകയും പഞ്ചയത്തിലെയോ വാര്‍ഡില്‍ തന്നെയുള്ളതോ ആയ ഭൂ, ഭവന രഹിതര്‍ക്ക് ഇത് നല്‍കുകയും വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
വീടും വസ്തുവുമില്ലത്തവരാണ് തച്ചന്‍കോണത്ത് ഉണ്ടായിരുന്നതെങ്കില്‍ അവര്‍ ഇവിടെ താമസമാക്കിയേനെ. എന്നാല്‍ ഇവിടെ 12 ഓളം വീടുകള്‍ സംരക്ഷിക്കാന്‍ ആളില്ലാതായതോടെ നാശത്തിലാണ്.
ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു ആവശ്യം മുന്നോട്ടു വയ്ക്കുന്നതെന്ന് വാര്‍ഡ് മെമ്പറും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ ജോസഫ് പറഞ്ഞു.
ഇക്കാര്യത്തില്‍ അധികൃതരുടെ ക്രിയാത്മകമായ ഇടപെടീല്‍ ഉണ്ടാകണം എന്ന് ഗ്രാമപഞ്ചായത്ത് അംഗം സി സുഭിലാഷ്കുമാറും ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്തത്തില്‍ പ്രദേശത്തെ വീടുകളിലും പരിസരങ്ങളിലും ഉണ്ടായിരുന്ന കാടുകള്‍ വെട്ടിനീക്കി വൃത്തിയാക്കി നല്കി.
കാടുകയറി പാമ്പ് അടക്കമുള്ള വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ പ്രദേശത്തെ കാടുകള്‍ വെട്ടി നീക്കിയത്.
ആര്‍ക്കും വേണ്ടാത്ത വീടുകളും വസ്തുക്കളും പഞ്ചായത്ത് ഏറ്റെടുത്ത് വാര്‍ഡിലെ ഭവന രഹിതര്‍ക്ക് നല്‍കണം എന്നും നാട്ടുകാരും ആവശ്യപ്പെട്ടു.
ഈ വശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വം പഞ്ചായത്ത് ഭരണ സമിതിക്കും വാര്‍ഡ് മെമ്പര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും നിവേദനവും നല്‍കിയിട്ടുണ്ട്. വീടും വസ്തുവും ഉപേക്ഷിക്കപ്പെട്ടത് ദീപികയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.